വടക്കേഞ്ചേരി: ദേവാലയങ്ങളിലെ സംഗീത പ്രാർത്ഥനകളായിരുന്നു കീബോർഡിസ്റ്റായിരുന്ന പാലക്കുഴി കൊണ്ടൂർ വീട്ടിൽ ടോണി ആന്റണിയുടെ ജീവിതതാളം. ധ്യാനങ്ങൾ, പെരുന്നാളുകൾ, കല്യാണം, മാമോദീസ തുടങ്ങിയ വിശേഷാവസരങ്ങളിലെ പാട്ടുകൾക്ക് ടോണി കീബോർഡിൽ ഈണമിട്ടു.
കേരളത്തിനകത്തും പുറത്തും പരിപാടികളുമായി സഞ്ചരിക്കുമ്പോഴാണ് കൊവിഡ് എല്ലാം തകിടം മറിച്ചത്. പ്രതിസന്ധികൾ ഇന്നല്ലെങ്കിൽ നാളെ നീങ്ങുമെന്ന പ്രതീക്ഷയിൽ എട്ടുമാസം കാത്തിരുന്നു. ഭാര്യ ഫ്ളിൻസിക്ക് കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നെങ്കിലും ജീവിതം മുന്നോട്ടുപോകാൻ അത് പര്യാപ്തമായിരുന്നില്ല. ആ സാഹചര്യത്തിലാണ് കാർ വാട്ടർ വാഷിംഗിനെ കുറിച്ച് ചിന്തിച്ചത്. കൊവിഡ് കാലത്ത് വാഹനങ്ങൾ വീട്ടിൽ കിടന്ന് പൊടിപിടിക്കുന്നത് കണ്ടപ്പോഴാണ് ടോണിയുടെ മനസിൽ ഇത്തരത്തിലൊരു ആശയം ഉദിച്ചത്. ഒട്ടും താമസിയാതെ വാഹനങ്ങൾ ശക്തിയായി വെള്ളം ചീറ്റിച്ച് കഴുകാൻ ഒരു വാട്ടർ പ്രഷർ സിസ്റ്റം വാങ്ങി. ശേഷം വീടുകളിൽപോയി വാഹനങ്ങൾ വാട്ടർ സർവീസ് ചെയ്യാൻ തുടങ്ങി.
ആദ്യം സുഹൃത്തുക്കളുടെ വാഹനങ്ങളാണ് കഴുകി വൃത്തിയാക്കിയത്. പുതിയ സംരംഭത്തെ കുറിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയും സുഹൃത്തുക്കൾ വഴിയും പുറത്തറിഞ്ഞതോടെ ആവശ്യത്തിന് ജോലിയായി. ഇപ്പോൾ പതുക്കെ ടോണി തന്റെ ജീവതാളം വീണ്ടെടുത്തു.
പാലക്കുഴിയിലെ കർഷകർക്ക് സാധനങ്ങൾ നേരിട്ടുവാങ്ങാനും വിൽക്കാനും സഹായകമാകുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പും ടോണി തുടങ്ങി. ഗ്രൂപ്പിൽ 130 അംഗങ്ങളുണ്ട്. വാട്ടർ സർവീസിംഗ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും സംഗീത ലോകത്തേക്കുള്ള തിരിച്ചുപോക്ക് സ്വപ്നം കാണുകയാണ് ടോണി.