പാലക്കാട്: ജില്ലയിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി നടത്തുന്ന ഡ്രൈ റൺ (മോക്ഡ്രിൽ) ഇന്ന് നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ രാവിലെ 9 മുതൽ 11വരെ നടക്കും. ഇതിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത അറിയിച്ചു.
വാക്സിനേഷനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ വിലയിരുത്തുക, 25 പേർക്ക് രണ്ടു മണിക്കൂറിനുള്ളിൽ വാക്സിനേഷൻ നൽകാനാകുമോ എന്നത് പരിശോധിക്കുക തുടങ്ങിയവ നാളെ ഡ്രൈ റണ്ണിൽ പരിശോധിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള 25 ആരോഗ്യ പ്രവർത്തകരാണ് ഡ്രൈ റണ്ണിൽ പങ്കെടുക്കുക. ജില്ലയിൽ ജനുവരി ഒന്നുവരെ 24,648 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് പാലക്കാട് ജില്ല ഉൾപ്പെടെ തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നിങ്ങനെ നാല് ജില്ലകളിൽ ആണ് ഡ്രൈ റൺ സംഘടിപ്പിക്കുന്നത്.
നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നാല് റൂമുകളാണ് വാക്സിനേഷനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരു വാക്സിനേറ്റർ ഓഫീസറും നാല് വാക്സിനേഷൻ ഓഫീസർമാരും അടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക. ആദ്യത്തെ റൂം വാക്സിൻ എടുക്കുന്നവർക്കുള്ള വെയിറ്റിംഗ് ഏരിയയാണ് പ്രവർത്തിക്കുക. ഇവിടെ ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കുന്നതിന് ഒരു പൊലീസ് അല്ലെങ്കിൽ എൻ.സി.സി കേഡറ്റ് വാക്സിനേഷൻ ഓഫീസറായി ഉണ്ടായിരിക്കും. രണ്ടാമത്തെ റൂമിലെ വാക്സിനേഷൻ ഓഫീസർ ഐഡി പരിശോധന നടത്തും. മൂന്നാമത്തെ റൂമിലാണ് വാക്സിനേഷൻ നടക്കുക. ഇവിടെ ഒരു വാക്സിനേറ്റർ ഓഫീസറും സഹായത്തിനായി വാക്സിനേഷൻ ഓഫീസറും ഉണ്ടായിരിക്കും. വാക്സിനേഷൻ നടത്തിയവർക്ക് അര മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കുന്നതിനാണ് നാലാമത്തെ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഇവരെ നിരീക്ഷിക്കുന്നതിനും ഒരു വാക്സിനേഷൻ ഓഫീസറുടെ സേവനം ലഭ്യമാക്കും. ആംബുലൻസ്, പൊലീസ് സേവനം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.
മൊബൈൽ കൊവിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
സഞ്ചരിക്കുന്ന കൊവിഡ് പരിശോധന യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാശുപത്രിക്ക് പുറമെ വിവിധ സ്വകാര്യ ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മൊബൈൽ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. പൊതുജനം ആവശ്യപ്പെടുന്നത് അനുസരിച്ച് വീടുകളിലെത്തി സ്രവ പരിശോധനകൾ നടത്തും. ആളുകളുടെ പ്രായവും യാത്രാ ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വിവിധ സ്ഥാപനങ്ങളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്കും വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോകുന്നതിനും തീർത്ഥാടകർക്കും കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് കർശനമാക്കിയ സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈൽ ക്ലിനിക്ക് ഇവർക്ക് ഏറെ പ്രയോജനപ്പെടും. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്കും ഈ സംവിധാനം ഉപയോഗിക്കാം.
നിലവിൽ ജില്ലാശുപത്രിയിലെ യൂണിറ്റിന്റെ സേവനം പാലക്കാട് നഗരസഭ പരിധിയിലും സമീപമുള്ള പ്രദേശങ്ങളിലും മാത്രമാവും ലഭ്യമാവുക. അടുത്തഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കെല്ലാവർക്കും കൊവിഡ് പരിശോധന നടത്തേണ്ട സഹാചര്യമുണ്ടായാൽ സഞ്ചരിക്കുന്ന യൂണിറ്റ് പ്രയോജനപ്പെടുത്താമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഡോക്ടരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റിജൻ പരിശോധന നടത്തുക. ആവശ്യമുള്ളവർക്ക് 9946234467 നമ്പറിൽ ബന്ധപ്പെടാം. സ്വകാര്യാശുപത്രികളുടെ സഹകരണത്തോടെ വടക്കഞ്ചേരി, ആലത്തൂർ, കഞ്ചിക്കോട്, കൊടുവായൂർ, വാളയാർ എന്നിവിടങ്ങളിലാണ് പരിശോധന കിയോസ്കുകൾ സ്ഥാപിച്ചിട്ടുള്ളത്.