നെന്മാറ: കൊവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ ഡ്രൈ റൺ വിജയകരം. രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ഡ്രൈ റൺ നടത്തിയത്. വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള 25 പേർക്ക് രണ്ടു മണിക്കൂറിനുള്ള കുത്തിവയ്പ്പ് നടത്താൻ കഴിയുമോയെന്ന് പരിശോധിക്കുന്നതിനായി മോക്ഡ്രിൽ നടത്തിയത്. പ്രതീക്ഷിച്ച സമയത്തുതന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.
സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പഴയ ഒ.പി കെട്ടിടമാണ് മോക്ഡ്രിൽ നടത്തുന്നതിനായി സജ്ജമാക്കിയത്. വാക്‌സിനേഷനായി ഓൺലൈനായി രജിസ്റ്റർ ചെയ്ത ആശ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. കെ.ബാബു എം.എൽ.എ, ഡി.എം.ഒ ഡോ.കെ.പി.റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.എ.നാസർ, ആർ.സി.എച്ച് നോഡൽ ഓഫീസർ ഡോ.ടി.കെ.ജയന്തി, ഡബ്ല്യുയു.എച്ച്.ഒ കൺസൽട്ടന്റ് ഡോ.സന്തോഷ് രാജഗോപാൽ, ഡോ.ശെൽവരാജ്, മെഡിക്കൽ സൂപ്രണ്ട് ഡോ.എം.ഹസീന നേതൃത്വം നൽകി.
മോക്ക് ഡ്രിൽ മൂന്ന് ഘട്ടങ്ങളിലായി
ഒന്നാം ഘട്ടം
വാക്സിൻ എടുക്കാനായി എത്തിയ ആരോഗ്യ പ്രവർത്തകർ അകലംപാലിച്ച് കാത്തുനിൽക്കുന്ന രീതിയാണ് ആദ്യം. ശാരീരിക അകലവും, മാസ്ക്, സാനിറ്റൈസർ എന്നിവ ഉറപ്പ് വരുത്തിയ ശേഷം കുത്തിവയ്പിനായി എത്തിയവരുടെ വ്യക്തിപരമായ പരിശോധന പൊലീസിന്റെ നേതൃത്വത്തിൽ നടന്നു.
രണ്ടാംഘട്ടം
ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതിന്റെ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുന്നതിന് രണ്ടാമത്തെ റൂമിലെ വാക്സിനേഷൻ ഓഫീസർ തിരിച്ചറിയിൽ പരിശോധന നടത്തി. തുടർന്ന് മൂന്നാമത്തെ മുറിയിലാണ് വാക്സിനേഷൻ എടുക്കുന്നത്. ഇവിടെ വിവരം പൂർണ്ണമായും, ഐ.ഡി ഉൾപ്പെടെ വാക്സിനേഷന് തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്പിൽ നൽകിയ ശേഷമാണ് കുത്തിവയ്പ്പ്.
മൂന്നാംഘട്ടം
കുത്തിവയ്പ് എടുത്തവർക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതയുണ്ടോ എന്നറിയുന്നതിനായി അടുത്ത മുറിയിൽ അരമണിക്കൂർ നീരീക്ഷണത്തിലിരുത്തിയ ശേഷമാണ് വീടുകളിലേക്ക് പറഞ്ഞുവിടുന്നത്. ഇവരെ നിരീക്ഷിക്കുന്നതിനും ഒരു വാക്സിനേഷൻ ഓഫീസറുടെ സേവനവും ലഭ്യമാകും. എന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ അടിയന്തിരമായി ആശുപത്രിലേക്ക് മാറ്റുന്നതിനായി ആംബുലൻസും സജ്ജമാക്കിയിരുന്നു.
-ഡോ.കെ.പി.റീത്ത, ഡി.എം.ഒ.