ചെർപ്പുളശ്ശേരി: ഒറ്റപ്പാലം റോഡ് നവീകരണത്തിന്റെ ഭാഗമായി തൃക്കടീരി കിഴൂർ മുതൽ ചെർപ്പുളശ്ശേരി വരെയുള്ള അനധികൃത കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി. പൊതുമരാമത്ത് അധികൃതരുടെ നേതൃത്വത്തിൽ റവന്യു, പൊലീസ് വകുപ്പുകളെ സഹകരിപ്പിച്ചാണ് പാതയുടെ ഇരുവശങ്ങളിലുമായുള്ള കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കുന്നത്.
ചെർപ്പുളശ്ശേരി വില്ലേജിന് കീഴിലെ 41 കൈയേറ്റവും തൃക്കടീരി രണ്ട് വില്ലേജിന് കീഴിലെ 27 കൈയേറ്റങ്ങളും തൃക്കടീരി ഒന്ന് വില്ലേജിലെ 62 കൈയേറ്റങ്ങളുമടക്കം 130ൽ അധികം കൈയേറ്റമാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഒറ്റപ്പാലം ഭൂരേഖാ തഹസിൽദാർ സി.എം.അബ്ദുൾ മജീദ്, ഹെഡ് ക്വാർട്ടേഴ്സ് തഹസിൽദാർ ജി.ഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ.
ജെ.സി.ബി ഉപയോഗിച്ചാണ് വീടുകളുടെ മതിലും കെട്ടിട ഭാഗങ്ങളും ഉൾപ്പടെയുള്ള കൈയേറ്റം പൊളിച്ചുമാറ്റുന്നത്.
കൈവശക്കാരുടെ വാദം കേട്ട ശേഷം ഇവർക്ക് സ്വമേധയാ ഒഴിഞ്ഞുപോകാൻ നൽകിയ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് അധികൃതർ നടപടികളിലേക്ക് കടന്നത്. ഏഴര മീറ്റർ വീതിയിലാണ് പാത നവീകരണം. ഇതിനുപുറമെ ഡ്രൈനേജ് സംവിധാനവും ഒരുക്കുന്നുണ്ട്. 28.33 കോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചിരിക്കുന്നത്.