college

പാലക്കാട്: ലോക്ക് ‌ഡൗൺ ഇളവുകളുടെ ഭാഗമായി സ്‌കൂളുകൾക്ക് പിന്നാലെ ജില്ലയിലെ കോളേജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കൊവിഡ് മൂലം അടച്ചിട്ട കോളേജുകൾ ഒമ്പതുമാസത്തിന് ശേഷമാണ് പ്രവർത്തനം പുനഃരാരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി സി.എഫ്.എൽ.ടി.സികളായിരുന്ന വിക്ടോറിയ കോളേജ്, പട്ടാമ്പി എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ ഇന്നലെ അണുനശീകരണം നടത്തി.

ആർട്‌സ് ആന്റ് സയൻസ്, ലോ, മ്യൂസിക്, ഫൈൻ ആർട്‌സ്, പോളിടെക്നിക് കോളേജുകൾ എന്നിവയിൽ ബിരുദ കോഴ്‌സ് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാണ് ആദ്യം ക്ലാസ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്‌സുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് നടക്കും.

ലബോറട്ടറി സെഷൻ, ഓൺലൈൻ ക്ലാസുകളിൽ നടത്താനാകാത്ത വിഷയങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാകും അദ്ധ്യയനം. പത്ത് ദിവസത്തെ ക്ലാസ് വിലയിരുത്തിയ ശേഷം പ്രിൻസിപ്പലുമാർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കോ സർവകലാശാലകൾക്കോ റിപ്പോർട്ട് നൽകണം. ശേഷം റെഗുലർ ക്ലാസുകൾ വിപുലീകരിക്കും. ബാക്കിയുള്ള സെമസ്റ്റർകാർക്ക് ഓൺലൈൻ ക്ലാസ് തുടരും.

ക്ളാസ് കൊവിഡ് മാനദണ്ഡം പാലിച്ച്

രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചുവരെ രണ്ട് ഷിഫ്‌റ്റായിട്ടാകും കോളേജ് പ്രവർത്തനം. 50% വിദ്യാർത്ഥികൾക്കേ ഒരേ സമയം ക്ലാസിലിരിക്കാനാകൂ. ശനിയാഴ്ചകളിലും ക്ലാസുണ്ടാകും. ക്യാമ്പസിനകത്ത് മാസ്‌ക് നിർബന്ധമാണ്. സാനിറ്റൈസർ, കൈ കഴുകാനുള്ള സംവിധാനം, താപനില പരിശോധന എന്നിവ ഉറപ്പാക്കണം.

ഡിമാന്റ് അനുസരിച്ച് ബസ് സർവീസ്

കോളേജുകളും തുറക്കുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ബസ് ആവശ്യമായ റൂട്ടുകൾ പരിശോധിച്ച് ആവശ്യാനുസരണം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കും. ഇതുപ്രകാരം കൺസഷൻ കൗണ്ടറുകളും പ്രവർത്തിക്കും. കൊവിഡിന് മുമ്പ് പാലക്കാട് ഡിപ്പോയിൽ നിന്നുണ്ടായിരുന്ന 90 സർവീസിൽ 54 എണ്ണം ഒാടിത്തുടങ്ങി. മറ്റ് സർവീസുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണം നടക്കുന്നു. ജനുവരി ഒന്നുമുതൽ ദീർഘദൂര സർവീസുകളും രാത്രി സർവീസും സാധാരണ പോലെ തുടങ്ങി. അന്തർ സംസ്ഥാന സർവീസുകൾക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല.

-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.