poster
ചെർപ്പുളശ്ശേരിയിൽ യു.ഡി.എഫിനെതിരെ ഉയർന്ന പോസ്റ്ററുകൾ.

ചെർപ്പുളശ്ശേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തോൽവിയെ ചൊല്ലി പരസ്യമായി ഇതുവരെ ആരും രംഗത്ത് വന്നിട്ടില്ലെങ്കിലും നേതൃത്വത്തിനെതിരെ അണികളിൽ അമർഷമുണ്ടെന്ന സൂചനകളാണ് പോസ്റ്ററുകളിലൂടെ വ്യക്തമാകുന്നത്. കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന് മുന്നിലും ബസ് സ്റ്റാന്റ് പരിസരത്തുമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

യു.ഡി.എഫ് കമ്മറ്റികൾ പിരിച്ചുവിടണമെന്നാണ് പ്രധാന ആവശ്യം. മണ്ഡലം യു.ഡി.എഫ് ചെയർമാൻ, മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എന്നിവർ രാജിവച്ച് കോൺഗ്രസിന്റെ മുഖം രക്ഷിക്കണമെന്നും തട്ടിക്കൂട്ട് ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവും ഉന്നയിക്കുന്നു. എസ്.യു.എഫ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ തവണ 17 സീറ്റുകളുമായി ഭരണത്തിലേറിയ യു.ഡി.എഫിന് ഇത്തവണ 12 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. ലീഗിലെയും കോൺഗ്രസിലെയും പ്രമുഖ നേതാക്കളെല്ലാം തോറ്റു. യു.ഡി.എഫിനെ വലിയ തോൽവിയിലേക്ക് നയിച്ചതിൽ പാർട്ടി-മുന്നണി പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്ന സൂചനകളാണ് പോസ്റ്ററുകളിലൂടെ പുറത്തുവരുന്നത്. പോസ്റ്ററുകളെ പറ്റി കോൺഗ്രസിലെയോ ലീഗിലെയോ നേതാക്കളാരും ഔദ്യോഗികമായി പ്രതികരിച്ചില്ല. പാർട്ടി പ്രവർത്തകരല്ല പോസ്റ്ററുകൾക്ക് പിന്നിലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും അവർ പറഞ്ഞു.