മണ്ണാർക്കാട്: അവധി ദിനങ്ങളാഘോഷിക്കാൻ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക്. സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സന്ദർശകരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. നവീകരണം പൂർത്തിയായതോടെ ഉദ്യാനത്തിൽ കൂടുതൽ സൗകര്യങ്ങളുമായി. ജില്ലയ്ക്ക് പുറമേ പെരിന്തൽമണ്ണ, മലപ്പുറം, നിലമ്പൂർ ഭാഗത്ത് നിന്നും കുടുംബസമേതം സഞ്ചാരികൾ ഇവിടെയെത്തുന്നു.
കുട്ടികൾക്ക് ഉല്ലസിക്കാനുള്ള സൈക്ലിംഗ്, സ്വിമ്മിംഗ് പൂൾ, മ്യൂസിക് ഫൗണ്ടൻ എന്നിവ പ്രധാന ആകർഷണീയതയാണ്. പെഡൽ ബോട്ടിംഗുമുണ്ട്. ജലസേചന വകുപ്പ്, ഡി.ടി.പി.സി എന്നിവരുടെ കീഴിലാണ് ഉദ്യാന പ്രവർത്തനം.
ലോക്ക് ഡൗണിൽ ഏഴുമാസം ഉദ്യാനം അടച്ചിട്ടിരുന്നു. മാർച്ച് 12ന് പൂട്ടിയ ഉദ്യാനം ഒക്ടോബർ 13നാണ് തുറന്നത്. ക്രിസ്മസ്- പുതുവത്സരമാഘോഷിക്കാൻ ഒരാഴ്ചക്കിടെ ഏഴായിരത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. ഒന്നര ലക്ഷത്തോളം രൂപയാണ് ഈ ദിവസങ്ങളിലെ വരുമാനം. ക്രിസ്മസ് ആഘോഷ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിൽ മാത്രം മൂവായിരത്തിലധികം പേരെത്തി.
സാധാരണ ആഘോഷ വേളകളിലും സ്‌കൂൾ അവധിക്കാലത്തും മൂന്നര ലക്ഷം വരെ ഒരു മാസം വരുമാനം ലഭിക്കാറുണ്ട്. ശനി, ഞായർ അവധി ദിവസങ്ങളിൽ ആയിരത്തിലധികം സഞ്ചാരികളെത്തും. മുതിർന്നവർക്ക് 25ഉം കുട്ടികൾക്ക് 12 രൂപയുമാണ് സന്ദർശക ഫീസ്.