പാലക്കാട്: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടക്കം യു.ഡി.എഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്ന സ്ഥിതിയിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. യു.ഡി.എഫിൽ ഇതുസംബന്ധിച്ച് ആശങ്കയുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണമെന്നത് അവരുടെ പാർട്ടി താത്പര്യമാണ്. അതിൽ ആർക്കും ഇടപെടാനാവില്ല.
ശോഭ സുരേന്ദ്രൻ എവിടെയും മാറി നിൽക്കുന്നില്ല. അവരുടെ വേദികളിൽ പ്രവർത്തിക്കുന്നുണ്ട്. പരസ്യമായി പാർട്ടിയെ എതിർത്തുവെന്നത് മാദ്ധ്യമങ്ങൾ പറയുന്നതാണ്.
കൊവിഡ് വാക്സിന് ധൃതിപിടിച്ച് അനുമതി കൊടുത്തത് ശരിയായില്ലെന്ന ശശി തരൂരിന്റെ നിലപാട് പാവങ്ങളോടുള്ള വെല്ലുവിളിയാണ്. മോദി സർക്കാരിന്റെ നല്ല കാര്യങ്ങളിലും കുറ്റം കണ്ടുപിടിയ്ക്കുന്നത് ശരിയല്ല. വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തുകയാണ് ചെയ്യേണ്ടത്. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്സിന് അംഗീകാരം കിട്ടിയത്. അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ശേഷമാണ് ഭാരതത്തിൽ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.