പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മസേനകൾ ശേഖരിക്കുന്ന അജൈവ വസ്തുക്കൾ തരംതിരിച്ച് കൈമാറുന്നതിന് തുക നൽകുന്ന പദ്ധതി 26ന് മുഴുവൻ പഞ്ചായത്തുകളിലും സംഘിപ്പിക്കാനൊരുങ്ങി ഹരിത മിഷൻ. ഇതുമൂലം തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ പാഴ് വസ്തു ശേഖരണവും തരംതിരിക്കലും കൂടുതൽ കാര്യക്ഷമമാക്കും.
പുതുതായി വരുന്ന ഭരണ സമിതികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ വിഭാവനം ചെയ്തിട്ടുള്ള അജൈവ പാഴ് വസ്തു ശേഖരണ സംവിധാനങ്ങളെ കുറിച്ച് അവബോധം നൽകാനും ഇതുവഴി കഴിയും.
ജില്ലയിൽ ശുചിത്വ പദവി നേടിയിട്ടുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നിലവിൽ തരംതിരിക്കൽ നടക്കുന്നുണ്ടെന്ന് കുടുംബശ്രീ മിഷൻ ഉറപ്പുവരുത്തുന്നു. ഹരിതസേന സെക്രട്ടറി, ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതി ചുമതലയുള്ള വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്.
തദ്ദേശ സ്ഥാപനങ്ങളിൽ അജൈവ പാഴ് വസ്തു ശേഖരണം, തരംതിരിക്കൽ എന്നിവ നടക്കാത്തിടങ്ങളിൽ കർശന നടപടി സ്വീകരിക്കും. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഏജൻസികൾ നേരിട്ട് ശേഖരിക്കുകയാണെങ്കിൽ പാഴ് വസ്തുക്കൾ ശേഖരിച്ചതിന്റെ രേഖ നൽകണം. വസ്തുക്കളുടെ ഉത്തരവാദിത്വം തദ്ദേശ സ്ഥാപന ചാർജ്ജ് ഓഫീസർ വഹിക്കണം. 26 മുതൽ ഓരോ മാസവും തരംതിരിച്ച് ശേഖരിക്കുന്ന പാഴ് വസ്തുക്കൾക്ക് തുക നൽകുന്നതിനുള്ള ക്രമീകരണം ക്ലീൻ കേരള കമ്പനി നടപ്പിലാക്കും. ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള വില പ്രകാരം തൂക്കത്തിനനുസരിച്ച് നൽകും.
-വൈ.കല്യാണകൃഷ്ണൻ,
ഹരിത മിഷൻ ജില്ലാ
കോ- ഓർഡിനേറ്റർ.
ഇനങ്ങൾ- തരംതിരിച്ച വില (കിലോയിൽ)
ഹാർഡ് പ്ലാസ്റ്റിക് - 08
പെറ്റ് ബോട്ടിൽ - 15
ലിക്വർ ബോട്ടിൽ - 12
ന്യൂസ് പേപ്പർ - 08
കാർഡ് ബോർഡ് - 04
അലുമിനീയം ക്യാൻ - 40
സ്റ്റീൽ - 20
മിൽക്ക് കവർ എൽ.ഡി - 12
നോൺ വോവൻ - 05
എച്ച്.ഡി.പി - 17