mkd-council
മണ്ണാർക്കാട് നഗരസഭയിലെ പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷൻ ഫായിദ ബഷീർ സംസാരിക്കുന്നു.

മണ്ണാർക്കാട്: ഇടത് കൗൺസിലർമാരുടെ വിയോജനക്കുറിപ്പോടെ പുതിയ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗം. ഫ്രണ്ട് ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ടാണ് ഇടത്-വലത് കൗൺസിലർമാർ തമ്മിൽ തർക്കമുണ്ടായത്.

നിലവിലുള്ള ഓഫീസിന് താഴെ ഫ്രണ്ട് ഓഫീസ് ആരംഭിക്കണമെന്നായിരുന്നു ആദ്യ അജണ്ട. ഇക്കാര്യം അദ്ധ്യക്ഷൻ ഫായിദ ബഷീർ അവതരിപ്പിച്ചതോടെ കൗൺസിലർ ടി.ആർ സെബാസ്റ്റ്യൻ എതിർത്തു. പുതിയ കെട്ടിടത്തിൽ ഫ്രണ്ട് ഓഫീസ് നിർമ്മിക്കണമെന്നും ഇല്ലെങ്കിൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു. മറ്റ് ഇടതംഗങ്ങളും ചർച്ചയിൽ പങ്കെടുത്തതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. നിലവിലെ കാര്യാലയത്തിന്റെ താഴെ ഭാഗത്തേക്ക് ഫ്രണ്ട് ഓഫീസ് മാറ്റുക എന്നതാണ് പ്രായോഗിക കാര്യമെന്ന് ചെയർമാൻ അറിയിച്ചു. ഉപാദ്ധ്യക്ഷ പ്രസീദ, സെക്രട്ടറി ശ്രീരാഗ് തുടങ്ങിയവരും സന്നിഹിതരായി.

മറ്റ് തീരുമാനങ്ങൾ ഇങ്ങനെ

ബസ് സ്റ്റാന്റിലെ ഓട്ടോകൾക്ക് പ്രത്യേക പാർക്കിംഗ് സംവിധാനം ഒരുക്കും.

മുണ്ടേക്കരാട് കെ.പി.ഐ.പി സ്ഥലം നഗരസഭയ്ക്ക് ലഭിക്കുന്നതിന് നടപടിയുമായി മുന്നോട്ട് പോകും.

വിവിധ പദ്ധതികൾക്കായി സ്വകാര്യവ്യക്തികൾ വാടകയ്ക്ക് സ്ഥലം നൽകുകയാണെങ്കിൽ നിയമപരമായി ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും.

പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള വീടുകൾ പൂർത്തീകരിക്കുന്നതിന്10 കോടി ആവശ്യമാണ്. ഇതിനായി കടമെടുക്കേണ്ടി വരും. അവസാന ഘട്ടത്തിലുള്ളവരുടെ പണികൾ പൂർത്തീകരിക്കുന്നതിന് ഫണ്ട് നൽകുന്നതിന് തീരുമാനമായി.

-ഫായിദ ബഷീർ, നഗരസഭാദ്ധ്യക്ഷൻ