ഒറ്റപ്പാലം: ഒരു കാലത്ത് കർഷക ഭവനങ്ങളിൽ നിറഞ്ഞ് നിന്ന മുള ഉല്പന്നങ്ങളായിരുന്നു മുറം, കുട്ട, പരമ്പ്, വട്ടി മുതലായവ. കൃഷിയും കർഷകരും കുറയുകയും കാലം മാറുകയും ചെയ്തതോടെ വീടുകളിൽ ഇവ അപൂർവമായി.
എന്നാൽ അടുത്ത കാലത്ത് കാർഷിക രംഗത്ത് ഉണ്ടായ മുന്നേറ്റം പുതിയ സാധ്യത തുറന്നിട്ടിരിക്കുകയാണ് ഇത്തരം ഉല്പന്നങ്ങൾക്ക്. മുള ഉല്പന്നങ്ങളുടെ പുതിയ വിപണി സാധ്യത കണക്കാക്കി ഇത്തരം തൊഴിൽ സംഘങ്ങൾ വീണ്ടും സജീവമായി.
ഇരുചക്ര വാഹനങ്ങളിൽ ഇത്തരം ഉല്പന്നങ്ങളുടെ വില്പനയുമായി പലരും വീടുകളിലെത്താൻ തുടങ്ങി.
ഒരു മുറത്തിന് 140 രൂപയാണ് വിലയെന്ന് കോങ്ങാട് നിന്ന് വാണിയംകുളം ഭാഗത്ത് കച്ചവടത്തിനെത്തിയ രാധാകൃഷ്ണൻ പറഞ്ഞു. കൃഷിയോടുള്ള താത്പര്യം വർദ്ധിച്ചതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. യന്ത്രവത്കൃത കാർഷിക രീതിയും പ്ലാസ്റ്റിക് ഉല്പനങ്ങൾ സ്ഥാനം പിടിച്ചതും തിരിച്ചടിയാണെന്നും രാധാകൃഷ്ണൻ പറഞ്ഞു.
കോങ്ങാട് അടക്കം പാലക്കാട് ജില്ലയുടെ പത്തോളം പ്രദേശങ്ങളിൽ നൂറ് കണക്കിന് കുടുംബങ്ങളുടെ കുലത്തൊഴിലായിരുന്നു ഇത്. പലരും ഈ തൊഴിൽ വിട്ട് നിർമ്മാണ രംഗത്തേക്ക് ചേക്കേറി.
സൊസൈറ്റികളും മറ്റും ഉണ്ടായിരുന്നെങ്കിലും അവ നിശ്ചലമാണ്. സർക്കാരും ബാംബൂ കോർപ്പറേഷനും മനസ് വെച്ചാൽ പുതിയ കാലത്തും കുലത്തൊഴിൽ തന്നെ ഉപജീവനം ഒരുക്കുമെന്ന് ഈ രംഗത്തെ തൊഴിലാളികൾ പറയുന്നു.