pkd-mkd-puli

മണ്ണാർക്കാട്: മൈലാമ്പാടം പൊതുവപ്പാടത്ത് ജനവാസ മേഖലയിലിറങ്ങിയ നാലുവയസുള്ള പെൺപുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. ഇന്നലെ പുലർച്ചെ നാലരയ്ക്കാണ് പുലി കൂട്ടിലകപ്പെട്ടത്. ശബ്ദംകേട്ട റബർ ടാപ്പിംഗ് തൊഴിലാളികൾ നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു.

നാട്ടുകാരുടെ സഹായത്തോടെ പുലിയെ ഉദ്യോഗസ്ഥർ മണ്ണാർക്കാട്ടെ വനംവകുപ്പ് ഓഫീസിലെത്തിച്ചു. തൃശൂരിൽ നിന്നെത്തിയ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ഡേവിഡ് എബ്രഹാം പരിശോധന നടത്തി ആരോഗ്യപ്രശ്നമില്ലെന്ന് സ്ഥിരീകരിച്ചു. രാത്രിയോടെ പറമ്പിക്കുളം വനമേഖലയിലേക്ക് പുലിയെ കൊണ്ടുപോയി.ഇന്ന് ഉൾവനത്തിൽ കൊണ്ടുപോയി തുറന്ന് വിടും.

മാസങ്ങളായി കോട്ടോപ്പാടം, കുമരംപുത്തൂർ പഞ്ചായത്ത് പരിധിയിലെ പൊതുവപ്പാടം, മേക്കളപ്പാറ, കണ്ടമംഗലം പ്രദേശത്ത് പുലിശല്യം രൂക്ഷമായിരുന്നു. നിരവധി ആടുകളെയും നായ്ക്കളെയും പശുവിനെയും പുലി കടിച്ചുകൊന്നിരുന്നു. നാട്ടുകാരും പുലിയെ നേരിട്ട് കണ്ടിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ മാസം 30നാണ് വനം വകുപ്പ് കെണിയൊരുക്കിയത്.പുലി കെണിയിൽ കുടുങ്ങിയ ആശ്വാസമുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. പ്രദേശത്ത് കൂടുതൽ പുലി സാന്നിദ്ധ്യമുണ്ടെന്നും വീണ്ടും കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ പറയുന്നു.