വടക്കഞ്ചേരി: മലയോര കുടിയേറ്റ മേഖലയായ പാലക്കുഴിയുടെ സമഗ്രവികസനവും വിനോദ സഞ്ചാര രംഗത്തെ മുന്നേറ്റവും ലക്ഷ്യം വച്ച് യുവാക്കളുടെ കൂട്ടായ്മ. എട്ടംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ 22നും 35നും ഇടയ്ക്ക് പ്രായമുള്ള പാലക്കുഴിയിലെ 110 യുവാക്കളുടെ ചെറുതും വലുതുമായ പങ്കാളിത്തത്തോടെയാണ് പാലക്കുഴിയെ മനോഹരിയാക്കുന്നത്. യുവകർഷകർ, ജോലിക്കാർ, പ്രവാസികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ കൂട്ടായ്മയിലുണ്ട്. മതം, രാഷ്ട്രീയം എന്നതിനപ്പുറം നാടിന്റെ വികസനത്തിന് ഊന്നൽ നൽകുന്നതാകും പ്രത്യേകിച്ച് ഭാരവാഹികളില്ലാത്ത
പാലക്കുഴി സൗഹൃദ കൂട്ടായ്മ (പി.എസ്.കെ) യുടെ പ്രവർത്തനം.
മാലിന്യ നിർമ്മാർജനം ഉൾപ്പെടെ യുവാക്കൾ സംഘടിച്ച് ചെയ്യാൻ സാധിക്കുന്ന വികസന-കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുക എന്നതാണ് പി.എസ്.കെ ലക്ഷ്യം വയ്ക്കുന്നത്.
വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന പാലക്കുഴി മാലിന്യമുക്തമാക്കുക എന്നതാണ് പ്രഥമ ദൗത്യം. ഇതിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകളായ അഞ്ചുമുക്ക്, മൂന്നുമുക്ക്, പി.സി.എ, വെള്ളചാട്ടം പരിസരം, കൊർണപാറ, താണിചുവട് എന്നിവിടങ്ങളിൽ അടുത്ത ദിവസം വേയ്സ്റ്റ് ബിന്നുകൾ സ്ഥാപിക്കും. ഇതിനായി കഴിഞ്ഞ ദിവസം ബിരിയാണി ഫെസ്റ്റ് നടത്തിയിരുന്നു. മദ്യപിക്കാനും മയക്കുമരുന്ന് ഉപയോഗത്തിനുമായി നിരവധി പേർ മലകയറി പാലക്കുഴിയിൽ എത്തുന്നതിനെ തുടർന്നാണ് പൊലീസിന്റെ അനുമതിയോടെ കൂട്ടായ്മ നിയന്ത്രണം കൊണ്ടുവരുന്നത്. പി.എസ്.സി കോച്ചിംഗ് ക്ലാസുകൾ, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് സഹായം, കേക്ക് നിർമ്മാണ പരിശീലനം തുടങ്ങി കുടുംബക്ഷേമ പദ്ധതികളും നടപ്പാക്കും.
മറ്റ് പ്രധാന പ്രവർത്തനങ്ങൾ
1. സഞ്ചാരികൾ കൂടുതൽ ചെലവഴിക്കുന്ന കൊർണപാറ പ്രദേശം പൂർവ സ്ഥിതിയിലാക്കും.
2. മാലിന്യ നിർമ്മാർജ്ജനത്തിനായി വടക്കഞ്ചേരി ചെറുപുഷ്പം സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈയ്ഡ്‌സിന്റെ സേവനം തേടും.
3. ഫയർ ഫോഴ്‌സിന്റെ റസ്‌ക്യൂ ടീം പരിശീലനവും ബോധവത്കരണവും നടത്തും.
4. വൈകിട്ട് ആറിന് ശേഷം യാത്രികർക്ക് പ്രവേശനമില്ലെന്ന ബോർഡ് പ്രധാന വഴിയിൽ സ്ഥാപിക്കും.
5. സഞ്ചാരികളുടെ യാത്രാ കുറിപ്പുകൾക്കായി അഞ്ചുമുക്ക് സെന്ററിൽ ഡയറി സൂക്ഷിക്കും.
6. സഞ്ചാരികളുടെ പേര്, വിലാസം, വാഹന നമ്പർ എന്നിവ ശേഖരിക്കും.