parking-

പാലക്കാട്: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഉൾപ്പെടെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് വ്യാപകം. ഇതുകാരണം മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടാകുന്നു.

ജില്ലാ ആശുപത്രി പരിസരം, റോബിൻസൺ റോഡ്, സിവിൽ സ്റ്റേഷൻ പരിസരം, കോർട്ട് റോഡ്, സുൽത്താൻപേട്ട റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് അനധികൃത പാർക്കിംഗ് കൂടുതലും. തിരക്കേറിയ ഭാഗങ്ങളിലെ നടപ്പാതകളിലെ പാർക്കിംഗ് കാരണം പ്രായമായ കാൽനട യാത്രക്കാർ റോഡിലൂടെ നടക്കാനും ഇരുഭാഗങ്ങളിലേക്കും മുറിച്ചു കടക്കാനും പ്രയാസപ്പെടുന്നു. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി പലഭാഗങ്ങളിലും റോഡുകൾ പൊളിച്ചിട്ടതും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇടുങ്ങിയ റോഡുകളിലെ പാർക്കിംഗ് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. അനധികൃത പാർക്കിംഗ് വ്യാപകമായ പല ഭാഗത്തും പൊലീസ് നിരീക്ഷണം ഉണ്ടെങ്കിലും നടപടി കാര്യക്ഷമമല്ല. തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ ഭരണസമിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

നഗരത്തിലെ നടപ്പാതകളിലെയും റോഡുകളിലെയും അനധികൃത പാർക്കിംഗ്, കടകളുടെ കൈയേറ്റം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണും. ബന്ധപ്പെട്ട അധികൃതരോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന ഉടൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നടപടി സ്വീകരിക്കും.

-കെ.പ്രിയ അജയൻ, നഗരസഭാദ്ധ്യക്ഷ.