ഷൊർണൂർ: ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാലക്കാട്- ഗുരുവായൂർ പാതയിലെ വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു. മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മേൽപ്പാലത്തിനായി സ്ഥലം നേരത്തെ ഏറ്റെടുത്തിരുന്നു. എന്നാൽ പ്രളയെത്തെ തുടർന്നുണ്ടായ പ്രതിസന്ധി കാരണം തുടർ നടപടി നിലക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി പ്രദേശത്ത് പരിശോധന നടത്തി.
ഷൊർണൂർ- നിലമ്പൂർ പാതയിൽ വാടാനാംകുറുശ്ശി മേൽപ്പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുവഴി ദിവസേന ഏഴ് യാത്രാ വണ്ടികൾ ഇരു ഭാഗത്തേക്കുമായി കടന്നുപോകുന്നു. ചരക്കുവണ്ടികൾ വേറെയും. ഇതേ തുടർന്ന് പകൽ 14 തവണയെങ്കിലും ഗേറ്റ് അടയ്ക്കുന്നതിനാൽ പാലക്കാട്- ഗുരുവായൂർ പാതയിൽ ഗതാഗത തടസം പതിവായിരുന്നു. മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവും.
കിഫ്ബിയിൽ നിന്ന് 30.04 കോടി ചെലവഴിച്ചാണ് നിർമ്മാണം. ആറു മാസത്തിനകം പാലം യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
-മുഹമ്മദ് മുഹസിൻ എം.എൽ.എ