പാലക്കാട്: മഴക്കുറവിന്റെ വറുതിയിലും പതിവിലും നേരത്തെ ജില്ലയിൽ ഇഞ്ചി വിളവെടുപ്പ് സജീവമായി. അയിലൂർ, മേലാർകോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും ചെട്ടികുളമ്പ്, മരുതഞ്ചേരി, കരിമ്പാറ മേഖലകളിലുമാണ് നിലവിൽ വിളവെടുപ്പ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും വിവിധ അസുഖങ്ങളും കീടബാധയും കാരണം ഇത്തവണ ഉല്പാദനത്തിൽ 20% കുറവുണ്ട്.
ഉല്പാദനം കുറയുകയും കൈകാര്യ ചെലവ് വർദ്ധിച്ചതും കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ. പച്ചയിഞ്ചി വില ഉയർന്നത് ചെറിയൊരു ആശ്വാസം നൽകുന്നു. കഴിഞ്ഞ വർഷം കിലോക്ക് 40 മുതൽ 50 രൂപയാണ് ലഭിച്ചതെങ്കിൽ ഇപ്പോഴത് 65 ആണ്.
പെരുമ്പാവൂർ, കോതമംഗലം ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഏക്കറിന് 40,000 -45,000 രൂപ വരെ പാട്ടം നൽകിയാണ് മേഖലയിൽ കൃഷി ചെയ്യുന്നത്. ഹിമാലയൻ, വരട, നാടൻ, കറി ഇഞ്ചി തുടങ്ങിയ ഇനങ്ങളാണ് പ്രധാനമായും കൃഷിയിറക്കിയത്.
മഴ കുറഞ്ഞതും കാലാവസ്ഥ വ്യതിയാനവും കാരണം ചെടികൾ ഉണങ്ങി തുടങ്ങിയതിനാലാണ് ഒരു മാസം മുമ്പ് തന്നെ വിളവെടുപ്പാരംഭിച്ചത്. പലയിടത്തും സ്ത്രീ തൊഴിലാളികളാണ് ഇഞ്ചി കിളച്ചെടുക്കുന്നത്. കൊച്ചി, പെരുമ്പാവൂർ. മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലാണ് മാർക്കറ്റുകളിലേക്കാണ് ഇവിടെ നിന്നുള്ള ഇഞ്ചി കയറ്റി അയക്കുന്നത്.
ചുക്കിന് പൊന്നും വില
പാലക്കാട് വിളവെടുക്കുന്നതിൽ 90% ഇഞ്ചിയും ചുക്കിനാണുപയോഗിക്കുന്നത്. ചുക്കിന് കിലോയ്ക്ക് 235 മുതൽ 290 രൂപ വരെ വിലയുണ്ട്. 60 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഇഞ്ചി ഉണക്കിയെടുത്താൽ 13 മുതൽ 18 കിലോ ചുക്ക് ലഭിക്കും. 10% ജലാംശം നിലനിറുത്തി ഉണക്കിയെടുക്കുന്ന ചുക്കിനാണ് വിപണി മൂല്യം. കുമ്മായ ലായനിയിൽ മുക്കിയെടുത്തുണ്ടാക്കുന്ന വെളുത്ത ചുക്ക് ഗൾഫ് വിപണിക്കും ബ്രൗൺ ചുക്ക് യൂറോപ്യൻ-അമേരിക്കൻ മാർക്കറ്റിലേക്കും കയറ്റി അയക്കും.