വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിലെ ജോലികൾ ഉൾപ്പെടെ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാത നിർമ്മാണം പുനഃരാരംഭിച്ചെങ്കിലും വീണ്ടും മുടങ്ങുമെന്ന ആശങ്ക ഒഴിയുന്നില്ല. ഇനി മുടങ്ങില്ലെന്ന് കരാർകമ്പനിയും ഉറപ്പ് നൽകുന്നില്ല. വിഷയത്തിൽ ദേശീയപാത അതോറിറ്റി വേണ്ട രീതിയിൽ ഇടപെടുന്നുമില്ല.
ജീവനക്കാരുടെ ശമ്പളവും വാഹനയുടമകളുടെ വാടകയും ഉൾപ്പെടെ പലർക്കായി നൽകാനുള്ള കുടിശ്ശികയുടെ നടുവിലാണ് കരാർ കമ്പനിയായ കെ.എം.സി. കുടിശ്ശിക കിട്ടാത്തതിന്റെ പേരിൽ വാഹനങ്ങളുടെ ഉടമകളും തൊഴിലാളികളും നടത്തിയ സമരത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ജോലി നിലച്ചത്.
തൊഴിലാളികൾക്ക് പത്തുമാസത്തെ ശമ്പള കുടിശ്ശിക നൽകാനുണ്ട്. വാഹനയുടമകൾക്ക് ഒരു വർഷത്തെ വാടക കിട്ടാനുണ്ട്. കമ്പനിയിലെ മെസിലേക്ക് പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയുടയമയ്ക്കും കുടിശ്ശിക നൽകാനുണ്ട്. എല്ലാം കൂടി 20 കോടിയിലധികം രൂപ വരും. ജനുവരി 15നകം പണം നൽകാമെന്ന ഉറപ്പിന്റെ പേരിലാണ് ജോലി തുടരുന്നത്.
ഇതിനുമുമ്പും പലതവണ ഉറപ്പ് നൽകിയിട്ടും കരാർ കമ്പനി പാലിച്ചിട്ടില്ല. തുടർച്ചയായി സമരം ചെയ്യുമ്പോൾ കുറച്ച് പണം നൽകി പ്രശ്നം താൽക്കാലികമായി ഒതുക്കിത്തീർക്കുന്നതാണ് കമ്പനിയുടെ രീതി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് കടമെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
ജനുവരി 15നുള്ളിൽ കുടിശ്ശിക നൽകാനായില്ലെങ്കിൽ വാഹനയുടമകളും തൊഴിലാളികളും ജോലി നിറുത്തി വെച്ച് സമരം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കുതിരാനിൽ അപകടങ്ങളും കുരുക്കും കൂടുന്നതിനാൽ എത്രയും വേഗം ഇടതുതുരങ്കം തുറക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ സമ്മർദവും കമ്പനിക്കുണ്ട്.
വേഗം നടന്നാൽത്തന്നെ കുതിരാനിലെ ജോലി തീരാൻ ഒരു മാസത്തിലേറെയെടുക്കും. പ്രശ്നം ചർച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ ദേശീയപാതാ അതോറിറ്റിയുമായി ശനിയാഴ്ച ചർച്ച നടത്തും.