puppet
തോൽപ്പാവകൂത്ത് അവതരിപ്പിക്കുന്ന കലാകാരന്മാർ

ഒറ്റപ്പാലം: കൊവിഡ് കാലത്ത് അണഞ്ഞുപോയ ക്ഷേത്രപ്പറമ്പുകളിലെ കൂത്തുമാടങ്ങളിൽ വീണ്ടും തിരി തെളിഞ്ഞു. കഴിഞ്ഞ വർഷം ക്ഷേത്രോത്സവങ്ങൾ ചടങ്ങുമാത്രമായതോടെ ഇതോടനുബന്ധിച്ച് നടക്കേണ്ട തോൽപ്പാവക്കൂത്തും മുടങ്ങിയിരുന്നു.

പുതുവർഷത്തിൽ എടപ്പാൾ കുളങ്ങര ദേവീക്ഷേത്രത്തിലാണ് തോൽപ്പാവകൂത്ത് അരങ്ങേറിയത്. ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം വിളക്ക് അണയാത്ത കുത്തുമാടങ്ങളിൽ തോൽല്പാവകൾ നിറഞ്ഞു, രാമായണ കഥ പാടാൻ തുടങ്ങി. രാമ-രാവണ യുദ്ധ കഥ കമ്പരാമായണത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഇനിയുള്ള ദിനരാത്രങ്ങളിൽ അരങ്ങേറും.
ലോക്ക് ഡൗൺ മൂലം വലിയൊരു കൂട്ടം പാവക്കൂത്ത് കലാകാരന്മാർ പ്രതിസന്ധിയിലായിരുന്നു. വള്ളുവനാട്ടിലെ ദേവീക്ഷേത്രങ്ങളിൽ പൂരങ്ങളോടനുബന്ധിച്ച് ജനുവരി മുതൽ മേയ് വരെ നടത്തിവരുന്ന ആചാരാനുഷ്ഠാന കലാരൂപമാണ് തോൽപ്പാവക്കൂത്ത്. പാലക്കാട്, തൃശൂർ, മലപ്പുറം, എന്നീ ജില്ലകളിലാണ് കൂടുതലായും അവതരിപ്പിക്കപ്പെടുന്നത്.

പ്രത്യേകം തയ്യാറാക്കപ്പെട്ട കൂത്തുമാടങ്ങളിലാണ് തോൽപ്പാവക്കൂത്ത് അരങ്ങേറാറുള്ളത്. ദേവീ പ്രീതിക്കായി നടത്തിവരുന്ന ഈ അനുഷ്ഠാനത്തിന് പുറകിലെ ഒരു ഐതിഹ്യം ഇപ്രകാരമാണ്: പണ്ട് ദേവന്മാർക്കും ഋഷികൾക്കും മാനവർക്കുമെല്ലാം ശല്യമായ ദാരികൻ എന്ന അസുരനുണ്ടായിരുന്നു. ഈ അസുരനെ നിഗ്രഹിക്കുവാനായി പരമശിവൻ ഭദ്രകാളിയെ സൃഷ്ടിച്ചു. ഏറെ നാൾ നീണ്ട യുദ്ധത്തിനൊടുവിൽ ദാരികനെ വധിച്ചു. അതേ സമയത്താണത്രെ രാമ-രാവണ യുദ്ധവും നടന്നത്. അതുകൊണ്ട് രാമൻ രാവണനെ നിഗ്രഹിക്കുന്നത് കാണാൻ കാളിക്ക് സാധിച്ചില്ല. ആ കുറവ് നികത്താനാണത്രേ കൊല്ലം തോറും കാളീക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് നടത്തുന്നത്.

കൊവിഡ് മാനദണ്ഡം പാലിച്ചാണ് പാവക്കൂത്തു നടക്കുന്നത്. കൊവിഡ് കാലത്ത് പാവക്കൂത്തിനെ ഓൺലൈൻ തലത്തിലൂടെ അവതരിപ്പിച്ച് ചില പരീക്ഷണങ്ങൾക്കും ശ്രമം നടന്നിരുന്നു. നിരവധി വിദേശ രാജ്യങ്ങളിലും തോൽപ്പാവക്കൂത്തിന് ഏറെ കാഴ്ചക്കാരുണ്ടെങ്കിലും നമ്മുടെ നാട്ടിൽ അവഗണന നേരിടുന്നുണ്ടെന്നതാണ് വസ്തുത.
കലാശ്രീ രാമചന്ദ്ര പുലവർ, പുഷ്പരാജപുലവർ, മോഹന പുലവർ, രാജീവ് പുലവർ, രാഹുൽ തുടങ്ങിയവർ പാവകൂത്ത് അവതരിച്ചിച്ച് പ്രശസ്തി നേടിയവരാണ്. ഒറ്റപ്പാലം പാലപ്പുറം, ഷൊർണൂർ കൂനത്തറ എന്നിങ്ങനെ ചില പ്രദേശങ്ങൾ ഇത്തരം കലാകാരന്മാരുടെ മണ്ണാണ്.