പാലക്കാട്: വാളയാർ കേസിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുനർവിചാരണ നടക്കുമ്പോൾ കൊലപാതക സാദ്ധ്യത പരിഗണിക്കപ്പെട്ടേക്കില്ല. പെൺകുട്ടികളുടെ കുടുംബത്തിന് നീതിലഭിക്കണമെങ്കിൽ തുടരന്വേഷണം തന്നെ വേണമെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.ഐ.പി.സി 305(ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐ.പി.സി 376(പീഡനം), എസ്.സി/എസ്.ടി പ്രിവെൻഷൻ ഒഫ് അട്രോസിറ്റീസ് ആക്ട്, പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ ചാർജ് ചെയ്ത കേസുകളിലാണ് പുനർവിചാരണ. ഈ സമയം പഴയ സാക്ഷികളെയും ആവശ്യമെങ്കിൽ അപേക്ഷ നൽകി പുതിയ സാക്ഷികളെയും വിസ്തരിക്കാം.വിചാരണക്കോടി പ്രതികളെ വെറുതേവിടാനുള്ള പ്രധാന കാരണം ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ്. അതിനാൽ, തുടരന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് വിദഗ്ധർ പറയുന്നു.
പതിമൂന്ന് വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒമ്പതുവയസുള്ള ഇളയമകളെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നീ പ്രതികൾക്കെതിരെ 6 കേസുകളാണുള്ളത്. മൂത്ത പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടെന്നും ലൈംഗിക പീഡന സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. പക്ഷേ, അസ്വഭാവികമരണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ആത്മഹത്യയെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
ആദ്യ മരണം നടന്ന ദിവസം വീട്ടിൽ നിന്ന് രണ്ടുപേർ ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ഇളയകുട്ടി മൊഴി നൽകിയിരുന്നു. കൃത്യം 52 ദിവസങ്ങൾ കഴിഞ്ഞ് ഇളയകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ, കുട്ടി നിരവധി തവണ പീഡനത്തിന് വിധേയമായെന്ന് തെളിഞ്ഞതോടെ പോക്‌സോ ചുമത്തിയിട്ടും കൊലപാതക സാദ്ധ്യത അന്വേഷണ സംഘം അവഗണിച്ചു. കുട്ടികൾ തൂങ്ങി നിൽക്കുന്ന പൊസിഷൻ വ്യക്തമാക്കുന്ന ഫോട്ടോകൾ പോലും ശേഖരിച്ചില്ല. കുട്ടികളുടെ വസ്ത്രങ്ങളും സംഭവം നടന്ന സ്ഥലത്തു നിന്നുള്ള മറ്റ് തെളിവുകളും സംഘടിപ്പിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചു.
മൂത്തകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനത്തെപ്പറ്റി സൂചനകളുണ്ടായിരുന്നിട്ടും നടപടികളെടുത്തില്ലെന്ന വിമർശനമുയർന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പാലക്കാട് നർക്കോട്ടിക്‌സ് സെൽ ഡിവൈ.എസ്.പി എം.ജി സോജന്റെ അന്വേഷണത്തിനൊടുവിൽ ആദ്യം കേസന്വേഷിച്ച വാളയാർ എസ്.ഐ പി.സി.ചാക്കോയെ സസ്‌പെൻഡ് ചെയ്തു.പാലക്കാട് അഡി. സെഷൻസ് കോടതി (പോക്‌സോ) പ്രതികളായ വി.മധു, ഷിബു, എം.മധു, പ്രദീപ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കി. കേസിൽ പ്രതിയായ പ്രദീപ് അപ്പീൽ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിരുന്നു. മറ്റ് മൂന്നുപേരും 20ന് വിചാരണക്കോടതിയിൽ ഹാജരാകണം.
വാളയാർ സംഭവം മനഃസാക്ഷിയെ നടുക്കുന്നതെന്ന് ഹൈക്കോടതി
കൊച്ചി : കുട്ടികളെ അങ്ങേയറ്റം ദാരുണമായി പീഡിപ്പിക്കുന്നതും ഇത്തരം കുറ്റകൃത്യങ്ങളോടുള്ള അനാസ്ഥയും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വിപത്താണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വാളയാർ കേസിൽ പുനർ വിചാരണ ഉത്തരവിട്ട 89 പേജുകളുള്ള വിധിന്യായം തുടങ്ങുന്നതു തന്നെ ഇൗ വാക്കുകളിലാണ്.ഹൈക്കോടതി പറയുന്നു : വാളയാറിൽ ഒരമ്മ പെറ്റ രണ്ടു പെൺകുട്ടികൾക്ക് നേരിട്ട ദുരന്തം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇളംപ്രായക്കാരായ രണ്ടു പെൺകുട്ടികൾക്ക് തങ്ങളെ സംരക്ഷിക്കേണ്ടവരുടെ ക്രൂരകൃത്യത്തെത്തുടർന്ന് ഇൗ ലോകത്തോടു വിടപറയേണ്ടിവന്നു. ഇന്ന് കുട്ടികൾ ശാരീരികവും മാനസികവും ലൈംഗികവുമായി പീഡിപ്പിക്കപ്പെടാൻ സാദ്ധ്യത ഏറെയാണ്. വീടുകളിലും സ്കൂളുകളിലും അനാഥാലയങ്ങളിലുമൊക്കെ കുട്ടികൾ പീഡിപ്പിക്കപ്പെടുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗവും മാറിയ സാമൂഹ്യ സാമ്പത്തിക സ്ഥിതികളുമൊക്കെ കുട്ടികളെ ഒാരോ തരത്തിലാണ് പീഡിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പീഡനങ്ങൾ കുട്ടികളുടെ മനസിനെയും മുറിവേൽപിക്കുന്നു. അതാകട്ടെ അവരുടെ വ്യക്തിത്വവികാസത്തെയും അന്തസിനെയും ബാധിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.