beml

സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം മൂലം നികുതിവരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് പരിഹാരം കാണാമെന്ന കേന്ദ്രത്തിന്റെ തീരുമാനം ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ (ബി.ഇ.എം.എൽ)​ കുരുക്ക് മുറുക്കിയിരിക്കുകയാണ്. കാട്ടിലും മേട്ടിലും കയറുന്ന ടെട്ര എന്ന സൈനിക ട്രക്ക് നിർമ്മിക്കുന്ന കഞ്ചിക്കോട്ടെ ഒരു കമ്പനി മാത്രമല്ല ബെമൽ. ലോകത്തിലെ വമ്പൻ കമ്പനികളുമായി മത്സരിച്ച് പ്രതിരോധ ഉപകരണങ്ങളും മെട്രോ ട്രെയിനുകളുടെ കോച്ചും നിർമ്മിക്കുന്ന ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇന്ത്യയുടെ തന്നെ അഭിമാനമാണ്. ആ അഭിമാനമാണ് പലഭാഗത്തുനിന്നുള്ള എതിർപ്പുകളെയും അവഗണിച്ച് കേന്ദ്രം വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനായി താത്‌പര്യപത്രവും ക്ഷണിച്ചുകഴിഞ്ഞു,​ ഏറ്റെടുക്കാൻ താത്‌പര്യമുള്ളവർ മാർച്ച് ഒന്നിനകം അറിയിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്.

കേന്ദ്ര സർക്കാരിന്റെ 54.03 ഓഹരിയിൽ 26 ശതമാനവും വിൽക്കും, ഒപ്പം കമ്പനിയുടെ മാനേജ്‌മെന്റ് നിയന്ത്രണം ഉൾപ്പെടെ കൈമാറുമെന്നാണ് മനസിലാക്കുന്നത്. 56,000 കോടി രൂപ വിലയുള്ള പൊതുമേഖലാ സ്ഥാപനത്തെ 720 കോടി രൂപ വില കണക്കാക്കിയാണ് കേന്ദ്രം കോർപറേറ്റുകൾക്ക് വിൽക്കാനൊരുങ്ങുന്നത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 518 കോടി വില കണക്കാക്കി വിൽക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും എതിർപ്പുകളെത്തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. പുതിയ ഉത്തരവിനെതിരെ കഞ്ചിക്കോട് കമ്പനി പടിക്കൽ യൂണിയനുകളുടെ റിലേ സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.

ആദ്യ ചാവുമണി മുഴങ്ങിയത് 2017ൽ

2017ലാണ് ലാഭത്തിൽ പ്രവർത്തിക്കുന്ന ബെമൽ സ്വകാര്യവത്കരിക്കാൻ നരേന്ദ്ര മോദി സർക്കാർ നീക്കങ്ങൾ ആരംഭിച്ചത്. പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായതോടെ ആ നടപടിയിൽ നിന്ന് പിന്മാറുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും പിന്നീട് ഓഹരി വില്പനയ്‌ക്ക് നിശ്ചയിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടിക സഭയിൽ അവതരിപ്പിച്ചപ്പോൾ അതിൽ ബെമലിനെയും ഉൾപ്പെടുത്തുകയായിരുന്നു. വിവിധ കാരണങ്ങളാൽ വില്പന നടന്നില്ല.

രണ്ടാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം, നൂറുദിന കർമ്മ പരിപാടിയിൽ ബെമലിന്റെ ഓഹരി വില്‌പനയും ഉൾപ്പെടുത്തി. തുടർന്ന് സ്ഥാപനത്തിന്റെ ആസ്തികളുടെ മൂല്യനിർണയം പൂർത്തിയാക്കി ടെൻഡർ ക്ഷണിക്കുകയായിരുന്നു. അതിവേഗം നടപടികൾ പൂ‌ർത്തിയാക്കി ഓഹരി വിൽക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ബംഗളൂരു, മൈസൂർ, കോലാർ, കഞ്ചിക്കോട് എന്നീ നാല് ഉത്‌പാദന യൂണിറ്റുകളിലായി 4160 ഏക്കർ സ്ഥലവും ബെമലിനുണ്ട്. റിലയൻസ്, വേദാന്ത, കല്യാണി ഗ്രൂപ്പ് എന്നിവയാണ് ബെമൽ ഏറ്റെടുക്കാൻ തുടക്കം മുതൽ താത്‌പര്യം കാണിച്ചത്. പ്രതിരോധ മേഖലയിൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന സ്ഥാപനം സ്വകാര്യവത്‌കരിക്കുന്നതോടെ രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു.

കമ്പനിയുടെ നേട്ടങ്ങൾ

1964ൽ 6.56 കോടി രൂപ മുതൽ മുടക്കിലാണ് കമ്പനി ആരംഭിച്ചത്. സൈനിക വാഹനങ്ങൾ, റെയിൽവേ കോച്ചുകൾ, മെട്രോ കോച്ചുകൾ, മൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ വാഹനങ്ങൾ എന്നിവയാണ് ബെമൽ നിർമ്മിക്കുന്നത്. പാലക്കാട്, ബാംഗ്ലൂർ, മൈസൂർ, കോലാർ എന്നിങ്ങനെ നാല് യൂണിറ്റുകളാണ് ഉള്ളത്. ഇന്ത്യയിൽ മെട്രോ റെയിൽ കോച്ച് ഉണ്ടാക്കുന്ന ഏക സ്ഥാപനം ബെമൽ ആണ്. ഇന്ത്യയിലെ തന്നെ ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ജയ്‌പൂർ എന്നീ മെട്രോ പദ്ധതികൾക്കായി കോച്ച് നിർമ്മിക്കുന്നുണ്ട്.

രാജ്യാന്തര ടെൻഡറിൽ ലോകത്തെ തന്നെ മികച്ച നിർമാതാക്കളുമായി മത്സരിച്ചാണ് ഈ കരാറുകൾ നേടിയെടുത്തതെന്നത് ഈ പൊതുമേഖലാ സ്ഥാപനം കൈവരിച്ച നേട്ടത്തിന്റെ വലുപ്പം എത്രയാണെന്ന് വ്യക്തമാക്കുന്നുണ്ട്. മറ്റ് കമ്പനികൾ 11 കോടി രൂപ വരെ ഒരു മെട്രോ കോച്ചിന് ഈടാക്കുമ്പോൾ എട്ട് കോടി രൂപയ്ക്ക് അതേ നിലവാരത്തിൽ കോച്ച് നിർമിച്ചാണ് ബെമൽ തങ്ങളുടെ മികവ് തെളിയിച്ചത്. ഖനന മേഖലയിലെ വാഹനങ്ങൾ നിർമ്മിക്കുന്ന രാജ്യത്തെ ഏക പൊതുമേഖലാ സ്ഥാപനവും ബെമലാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള വമ്പൻ കമ്പനികളുമായി മത്സരിച്ച് കഴിഞ്ഞ വർഷം 5000 കോടി രൂപയുടെ കരാറും അടുത്ത മൂന്നുവർഷത്തേക്ക് 10,000 കോടി രൂപയുടെ ഉത്‌പാദത്തിനുള്ള മറ്റു കരാറുകൾ ബെമൽ നേടിയിരുന്നു. ഇതുകൂടാതെ യുദ്ധമേഖലയിൽ ടാങ്കുകൾക്കു മുന്നിൽ ഘടിപ്പിക്കുന്ന മൈൻ വാരികളും മെട്രോ കോച്ചുകളും നിർമ്മിക്കുന്നതിനുള്ള കരാറും കമ്പനി സ്വന്തമാക്കിയത് വാർത്തയായിരുന്നു. 11 വർഷത്തിനിടെ 1305 കോടി രൂപയാണ് ബെമലിന്റെ ലാഭം. ബംഗളൂരു ആസ്ഥാനമായ ബെമലിനു പാലക്കാട്, മൈസൂർ, കോലാർ സ്വർണഖനി എന്നിവിടങ്ങളിലായി ഉത്‌പാദന കേന്ദ്രങ്ങൾക്ക് പുറമേ രാജ്യത്തുടനീളവും പുറത്തും സേവന കേന്ദ്രങ്ങളുമുണ്ട്. മൊത്തം പതിനായിരത്തോളം തൊഴിലാളികൾ കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്.

കഞ്ചിക്കോട്ടെ തുടക്കം 2010ൽ

കഞ്ചിക്കോട് വ്യവസായ മേഖലയിൽ 2010ൽ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ 375 ഏക്കറിലാണ് ബെമലിന്റെ യൂണിറ്റ് തുടങ്ങിയത്. സ്ഥാപനം വിൽക്കുമ്പോൾ ഈ സ്ഥലം ഉൾപ്പെടെ കോർപ്പറേറ്റുകൾ കൈയടക്കുമെന്നതാണ് വലിയ ആശങ്ക. 2010 വി.എസ്.അച്യുതാനന്ദൻ സർക്കാരാണ് കഞ്ചിക്കോട് 375 ഏക്കർ ഭൂമി ഏറ്റെടുത്ത് കൈമാറിയത്. നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി കമ്പനി ഉദ്ഘാടനം നടന്നപ്പോൾ അന്നത്തെ വ്യവസായമന്ത്രി എളമരം കരീമിനെ പ്രതിരോധമന്ത്രി എ.കെ.ആന്റണി അഭിനന്ദിച്ചിരുന്നു. കഞ്ചിക്കോട്ടെ ബെമൽ യൂണിറ്റിൽ റെയിൽ കോച്ച് നിർമ്മാണവും നിലവിൽ നടക്കുന്നുണ്ട്. ഒന്നാം യു.പി.എ സർക്കാർ പ്രഖ്യാപിച്ച നിർദ്ദിഷ്ട കഞ്ചിക്കോട് കോച്ച് ഫാക്ടറി ബെമലുമായി ചേർന്ന് നടപ്പാക്കാൻ വരെ ഒരുഘട്ടത്തിൽ ആലോചനകൾ നടന്നിരുന്നു.

ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ തൊഴിലാളികൾ

ബെമലിലെ ഭൂരിഭാഗം സ്ഥിരി തൊഴിലാളികളും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കമ്പനി ആരംഭിക്കുമ്പോൾ സ്ഥലം വിട്ടുനൽകിയ പലരും തൊഴിലാളികളുടെ കൂട്ടത്തിലുണ്ട്. കോർപ്പറേറ്റുകൾക്ക് കമ്പനി കൈമാറുന്നതോടെ നൂറുകണക്കിന് കരാർ തൊഴിലാളികൾക്ക് ജോലി നഷ്ടമാവും. കമ്പനി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി വിരമിക്കൽ പ്രായം 50 വയസാക്കാനും തൊഴിലാളികളുടെ പ്രവർത്തനം മാനേജ്‌മെന്റ് ഓരോ വർഷവും വിലയിരുത്തി തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനും നടപടി തുടങ്ങിയതായാണ് വിവരം. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കമ്പനിപ്പടിക്കൽ തൊഴിലാളികൾ സമരം ആരംഭിച്ചിട്ടുള്ളത്.