പാലക്കാട്: തേങ്കുറുശ്ശി ഇലമന്ദത്ത് അനീഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച ബൈക്ക് ക്രൈംബ്രാഞ്ച് കണ്ടെത്തി. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ സുരേഷ് (45) എന്നിവർ സഞ്ചരിച്ച ബൈക്ക് പ്രഭുകുമാറിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. സഹോദരിയുടെ വീട്ടിൽ പ്രഭുകുമാർ ഒളിപ്പിച്ച ഫോണും കണ്ടെത്തി.
പ്രതികളെ രണ്ടുദിവസം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തു. കൊലപാതകം നടന്ന മാനാംകുളമ്പിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കുഴൽമന്ദം പൊലീസിന്റെ നേതൃത്വത്തിൽ ഡിസംബർ 27ന് തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഒരിക്കൽക്കൂടി പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്. ആക്രമണത്തിന് ഉപയോഗിച്ച കമ്പി കണ്ടെത്തിയ കിണാശേരിയിലേക്കുള്ള വഴിയിലെ മലമ്പുഴ കനാലിലും പ്രതികളുമായെത്തി പരിശോധന നടത്തി. തുടർന്ന് പാലക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി-ഒന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.