പാലക്കാട്: ജനുവരി ആദ്യവാരത്തിലെ റെക്കോർഡ് മഴയാണ് കേരളത്തിലാകെ പെയ്തത്. കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതും അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ആഗോള കാലാവസ്ഥ പ്രതിഭാസവുമാണ് മഴ ശക്തിമാക്കിയതെന്നാണ് കാലാവസ്ഥ അധികൃതരുടെ വിലയിരുത്തൽ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ജനുവരി ഒന്നു മുതൽ എട്ടു വരെ കേരളത്തിൽ 2.1 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 71.3 മി.മീ. മഴയാണ് ലഭിച്ചത്. ജില്ലയിൽ 31.2 മി.മീ. മഴയാണ് പെയ്തത്. ഒരു മി.മീ. ലഭിക്കേണ്ടിടത്താണ് ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയും മഴ ലഭിച്ചത്.
ബുധനാഴ്ച രാവിലെ എട്ടു മുതൽ വ്യാഴാഴ്ച രാവിലെ എട്ടുവരെ പാലക്കാട് മാത്രം 43.3 മി.മീ മഴയാണ് പെയ്തത്. ഈ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മണ്ണാർക്കാട് മേഖലയിലാണ്, 66.0 മി.മീ. ആലത്തൂർ-46.5, ഒറ്റപ്പാലം-34.2, പട്ടാമ്പി-9.0, ചിറ്റൂർ-7.0, കൊല്ലങ്കോട്-4.2, തൃത്താല-1.2 മി.മീ. ലഭിച്ചു. ജനുവരി 11 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.