vaccination
കൊവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ നടന്ന ഡ്രൈ റൺ

പാലക്കാട്: കൊവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കി. ജില്ലാ ആശുപത്രി, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, ഡയാറ സ്ട്രീറ്റ് അർബൻ പി.എച്ച്.സിയുടെ ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷൻ സെന്ററായ പാലക്കാട് കൊപ്പം എൽ.പി.എസ് എന്നിവിടങ്ങളിലാണ് ഇന്നലെ ഡ്രൈ റൺ നടന്നത്. രാവിലെ ഒമ്പതിന് ആരംഭിച്ച ഡ്രൈ റൺ മൂന്നു കേന്ദ്രങ്ങളിലും തടസങ്ങളൊന്നുമില്ലാതെ പൂർത്തിയായി. രണ്ട് മണിക്കൂറിനകം തന്നെ എല്ലാ ആരോഗ്യ പ്രവർത്തകരിലും ഡ്രൈ റൺ നടത്താനായി. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതം 75 പേരാണ് പങ്കെടുത്തത്.

വാക്സിൻ സ്വീകരിക്കാനെത്തിയ ആരോഗ്യ പ്രവർത്തകർ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങളിലൂടെയാണ് ഡ്രൈ റൺ നടന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ഡ്രൈ റണിൽ കുത്തിവെപ്പിനായി ഒരുക്കിയിട്ടുള്ള ക്രമീകരണം കൃത്യമായി വിലയിരുത്താനും സാധിച്ചു. കൊവീൻ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തി.

ജനുവരി രണ്ടിന് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആദ്യ ഡ്രൈ റണ്ണും വിജയകരമായിരുന്നു. ഒരു വാക്സിനേറ്റർ ഓഫീസറും നാല് വാക്സിനേഷൻ ഓഫീസർമാരും അടങ്ങുന്ന സംഘത്തെയാണ് ഡ്രൈ റണ്ണിനായി സജ്ജമാക്കിയത്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള വെയിറ്റിംഗ് ഏരിയ, തിരിച്ചറിയൽ പരിശോധന, വാക്സിനേഷൻ, വാക്സിനേഷൻ എടുത്തവർക്ക് 30 മിനിറ്റ് നിരീക്ഷണം എന്നീ സജ്ജീകരണങ്ങളോടെയാണ് രണ്ട് ഡ്രൈ റണ്ണും നടന്നത്.