srnr
എം.കെ.ജയപ്രകാശ്


ഷൊർണൂർ: മഞ്ഞക്കാട്ടെ പേരുകേട്ട പാപ്പുള്ളി തറവാട്ടിൽ നിന്നാണ് എം.കെ.ജയപ്രകാശ് നഗരസഭാദ്ധ്യക്ഷ പദവിയിലെത്തുന്നത്.

നാടിന്റെ രാഷ്ട്രീയത്തിൽ തിളങ്ങിയ പാപ്പുള്ളി പത്മനാഭൻ നായരെന്ന തലയെടുപ്പുള്ള നേതാവിന്റെ മകനെന്ന പരിവേഷവും ഇദ്ദേഹത്തിനുണ്ട്. എം.കെ.ജയപ്രകാശ് തന്റെ വികസന കാഴ്ചപ്പാടുകൾ 'കേരളകൗമുദി"യോട് പങ്കുവെക്കുന്നു.
മിനി സിവിൽ സ്റ്റേഷൻ രൂപത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കാനുള്ള പദ്ധതിക്ക് മുന്തിയ പരിഗണന നൽകും. ഷൊർണൂരിന്റെ പ്രശസ്തിക്കൊത്ത വികസനം നടപ്പിലാക്കും. ഭാരതപ്പുഴ തടയണ ഉപയോഗപ്പെടുത്തി വിവേകാനന്ദ പാർക്കിനോട് ചേർന്ന് ടൂറിസം പദ്ധതി വികസിപ്പിക്കും. കുളപ്പുള്ളിയിലോ ഷൊർണൂരോ ഫുട്‌ബോൾ ടർഫും കവളപ്പാറ മേഖലയിൽ സ്റ്റേഡിയവും നിർമ്മിക്കാനും ലക്ഷ്യമിടുന്നു.
നഗരസഭയിൽ ജനന രജിസ്‌ട്രേഷൻ സംവിധാനം ശക്തമാക്കാൻ നടപടിയെടുക്കും. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗൈനക്കോളജി വിഭാഗം ആരംഭിക്കും. സി.എച്ച്.സിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തിപ്പിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് ആരംഭിക്കാൻ സ്ഥലമുടമകളുമായി ചർച്ച നടത്തും. റെയിൽവെ സ്റ്റേഷന് സമീപത്തെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കും.

എസ്.എം.പി കവലയിൽ നിന്ന് കാരക്കാട് ഭാഗത്തേക്കുള്ള പാത നിർമ്മാണം പൂർത്തിയാക്കും. ഭാരതപുഴ സ്റ്റേഷൻ പുനഃരാരംഭിച്ച് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാവുമോ എന്ന് റെയിൽവെയുമായി ചർച്ച നടത്തും. മാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റും. പഴയ കെട്ടിടം പൊളിച്ച് ഓപ്പൺ ഓഡിറ്റോറിയം നിർമ്മിക്കും. ടൗൺഹാൾ നിർമ്മാണവും കുളപ്പുള്ളിയിലെ അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ടവും പൂർത്തിയാക്കും.
ഭവന പദ്ധതികൾ, പട്ടികജാതി-വർഗ ക്ഷേമം, കുടുംബശ്രീ-സ്ത്രീ ശാക്തീകരണം, കാർഷികം എന്നിവയിൽ മുന്തിയ പരിഗണന ഉറപ്പാക്കും. മഞ്ഞക്കാട് പാപ്പുള്ളി പരേതനായ പത്മനാഭൻ നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ് എം.കെ.ജയപ്രകാശ്. ഭാര്യ: ജിജി. മക്കൾ: അശ്വിൻ, അമൃത.