പാലക്കാട്: ബൂത്തുതലം വരെയുള്ള കോൺഗ്രസ് പ്രവർത്തനം ഊർജിതമാക്കാനുള്ള കർമ്മ പരിപാടി ആവിഷ്കരിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി.മോഹൻ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കും വരെ വിശ്രമമില്ലാത്ത ദിനങ്ങളായിരിക്കും നേതാക്കൾക്കും പ്രവർത്തകർക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനവും ഭാവിപരിപാടികൾ തീരുമാനിക്കുന്നതുമായ ജില്ലാ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. കെ.പി.സി.സി ജന.സെക്രട്ടറിമാരായ സി.പി.മുഹമ്മദ്, കെ.പി.അനിൽകുമാർ, സി.ചന്ദ്രൻ, ഒ.അബ്ദുൾറഹ്മാൻകുട്ടി, എ.തങ്കപ്പൻ, നേതാക്കളായ വി.എസ്.വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, വി.സി.കബീർ പ്രസംഗിച്ചു.
26ന് ഉച്ചയ്ക്ക് മൂന്നിന് യോഗം ചേർന്ന് ജില്ലയിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനമായ 30ന് ഏകദിന പദയാത്ര നടത്തും. 27, 28, 29 തിയതികളിൽ ഗൃഹസന്ദർശനം നടത്തും.