കുലുക്കല്ലൂർ: ഹരിത മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന സമ്പൂർണ മാലിന്യ സംസ്കരണ പദ്ധതി ഊർജിതമാക്കാൻ പഞ്ചായത്ത് ഭരണസമിതി.
മുഴുവൻ വാർഡുകളിലെയും വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും നിന്ന് സേന മുഖേന മാലിന്യം ശേഖരിക്കും. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കവറുകൾ, ഗ്ലാസ്, ബോട്ടിലുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ചെരുപ്പ്, ബാഗ്, തുണികൾ തുടങ്ങിയ പാഴ് വസ്തുക്കൾ വിവിധ മാസങ്ങളിലായി ശേഖരിച്ച് സംസ്‌കരിക്കും.
കഴിഞ്ഞ ഭരണ സമിതിയുടെ സമയത്ത് ഒരു തവണ മാലിന്യം ശേഖരിച്ചിരുന്നു. അവ പഞ്ചായത്ത് ശ്മശാനത്തിലെ കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. നിലവിൽ അവ തരംതിരിക്കുന്ന ജോലി പുരോഗമിക്കുന്നുണ്ട്. പദ്ധതി ഊർജിതമാക്കുന്നതോടെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടം ഈ മാസം
ആദ്യഘട്ടമെന്ന നിലയിൽ ഈ മാസത്തോടെ എല്ലാ വാർഡിലെയും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സേനയുടെ വളണ്ടിയർമാർ നേരിട്ടെത്തി മാലിന്യം ശേഖരിച്ചു തുടങ്ങും. വീടുകളിൽ നിന്ന് 30ഉം സ്ഥാപനങ്ങളിൽ നിന്ന് 50ഉം രൂപ യൂസർ ഫീ ഈടാക്കും.