malampuzha
മലമ്പുഴ മേഖലയിൽ കാട്ടാനകൾ നെൽകൃഷി നശിപ്പിച്ച നിലയിൽ

മലമ്പുഴ: രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത് തുടർക്കഥയാവുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ഇതോടെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, മുണ്ടൂർ, പുതുശേരി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകർ ദുരിതത്തിലാണ്.

കാട്ടാനയും കാട്ടുപന്നികളും പാടത്തെത്തി വിള മുഴുവൻ നശിപ്പിക്കുകയാണ്. കുരങ്ങ്, മയിൽ ശല്യം വേറെയും. പുതുപ്പരിയാരത്ത് ആഴ്ചകൾക്ക് മുമ്പ് പുലിയിറങ്ങിയത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വന്യമൃഗശല്യം കാരണം പലരും കൃഷി ഉപേക്ഷിച്ചു. പ്രശ്നപരിഹാരത്തിന് റെയിൽ ഫെൻസിംഗ് നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. വർഷങ്ങൾക്ക് മുമ്പ് ഇതിന് നടപടി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. കർഷകർ ഡി.എഫ്.ഒയുടെയും എം.എൽ.എയുടെയും ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായില്ല.

-എ.സി.സിദ്ധാർത്ഥൻ,​ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്.