lorry
അപകടത്തിൽ തകർന്ന ലോറി

കൊല്ലങ്കോട്: മാഞ്ചിറയിൽ രണ്ട് ചരക്കുലോറികളും ടെമ്പോയും കാറും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ ഒട്ടൻസത്രം മൂക്കയ്യൻ മകൻ ജയബാൽ (38)​ മരിച്ചു. മറ്റൊരു ലോറിയിലെ ഡ്രൈവറായ തൃശൂർ ഒല്ലൂർ ഉണ്ണിച്ചെക്കന്റെ മകൻ അശോകനെ സാരമായ പരിക്കോടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലും ടെമ്പോയിലുമുണ്ടായിരുന്ന നാലുപേർക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 12.15നാണ് അപകടം.

തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി വന്ന ടെമ്പോയെ മറികടക്കാൻ ശ്രമിച്ച ലോറി എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെമ്പോയിലുമിടിച്ച് നിയന്ത്രണം വിട്ട ലോറി അഞ്ചടി താഴ്ചയിലേക്ക് ചരിഞ്ഞിറങ്ങി. ഇതിനിടെ തൃശൂർ ഭാഗത്ത് നിന്ന് വന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു.

ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും തകർന്ന ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനായില്ല. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന കാബിൻ വെട്ടിപ്പൊളിച്ച് പുറത്തെടുത്തെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.