മൂന്നംഗ സമിതി ഈ മാസം 31ന് മുമ്പായി റിപ്പോർട്ട് നൽകും
പാലക്കാട്: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനൊരുങ്ങി സർക്കാർ. ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചും ഈടാക്കുന്ന ഫീസിലെ ഏറ്റക്കുറച്ചിലുകളെയും സംബന്ധിച്ച് പരാതി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഗതാഗത കമ്മിഷണർ ചെയർമാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ, ഐ.ഡി.ടി.ആറിലെ ജോയിന്റ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ സമിതി ഫീസ് ഏകീകരണം, ഡ്രൈവിംഗ് സ്കൂളുകളിലെ പഠന നിലവാരം ഉയർത്തൽ എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകും.
മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കാൻ അടിസ്ഥാന സൗകര്യം ഉറപ്പിക്കുന്നതിനൊപ്പം പഠന നിലവാരവും ഉയർത്തണമെന്നാണ് സർക്കാർ നിലപാട്. ഇതിനായി ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യം നിശ്ചയിക്കും. പരിശീലകർക്ക് യോഗ്യതയും പരിചയ സമ്പത്തും ഉറപ്പാക്കും. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾക്ക് സമയം നിശ്ചയിക്കാനും ആലോചനയുണ്ട്. കൂടുതൽ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാകുന്നതോടെ ലൈസൻസ് ടെസ്റ്റിലെ പോരായ്മകളും പരിഹരിക്കപ്പെടുമെന്നാണ് കണക്കുകൂട്ടൽ.
ഫീസ് ഏകീകരണം
മോട്ടോർ വാഹന വകുപ്പിന് ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പിൽ നിയന്ത്രണമില്ല.
മിക്ക സ്‌കൂളുകളും തോന്നിയ പോലെയാണ് ഫീസ് നിശ്ചയിച്ചിരുന്നത്.
ടു വീലർ പഠിക്കാൻ 3000 മുതൽ 4500 വരെയും ഫോർ വീലറിന് 8000 മുതൽ 10000 രൂപ വരെയും ഫീസുണ്ട്.
ടെസ്റ്റ് പാസായ ഭൂരിപക്ഷത്തിനും കൃത്യമായി വാഹനം ഓടിക്കാനറിയില്ലെന്ന ആക്ഷേപം വ്യാപകമാണ്.
വിദഗ്ദ്ധ പരിശീലനം
നിലവിലെ ഡ്രൈവിംഗ് സ്കൂൾ അദ്ധ്യാപകർക്ക് ജോലി നഷ്ടമാകാത്ത വിധത്തിലായിരിക്കും പരിഷ്കരണം.
അദ്ധ്യാപകർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പരിശീലനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കും.
ശാസ്ത്രീയമായ രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് പുതുതലമുറയെ പഠിപ്പിച്ച് അപകടമൊഴിവാക്കി മികച്ച റോഡ് സംസ്കാരം വളർത്തുകയാണ് ലക്ഷ്യം.