മലമ്പുഴ: വൈദ്യുതി ബോർഡ് ആധുനികവത്കരണത്തിലും ഉപഭോക്തൃ സേവനത്തിലും ഏറെ മുന്നോട്ടു പോകുമ്പോൾ അസൗകര്യങ്ങൾക്ക് നടുവിൽ വീർപ്പുമുട്ടുകയാണ് കെ.എസ്.ഇ.ബി മലമ്പുഴ സെക്ഷൻ ഓഫീസ്. സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന വെല്ലുവിളി. ജീവനക്കാരും സംഘടനകളും ബന്ധപ്പെട്ടവർക്ക് നിരവധി തവണ നിവേദനം നൽകിയെങ്കിലും നാളിതുവരെ നടപടിയില്ല.
2006ൽ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ കെ.എസ്.ഇ.ബി ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഒലവക്കോട് സെക്ഷൻ വിഭജിച്ച് അകമലവാരം, മലമ്പുഴ, കടുക്കാംകുന്നം, തുപ്പള്ളം, വാരണി, അക്കരക്കാട്, മന്തക്കാട്, ശാസ്താകോളനി, അകത്തേതറ പഞ്ചായത്തിലെ തോട്ടപ്പുര, ശാസ്താനഗർ, അകത്തേതറ, പുതുശേരി പഞ്ചായത്തിലെ ചെറിയ ഭാഗവും ഉൾപ്പെടുന്നതാണ് ഈ സെക്ഷൻ.
രണ്ട് ചായ്പിലായി 34 ജീവനക്കാർ
നിർമ്മിതി മോഡൽ കെട്ടിടവും അതിനോടനുബന്ധിച്ച് അസ്ബറ്റോസ് ഷീറ്റ് മേഞ്ഞ രണ്ടു ചായ്പകളിലുമായാണ് നിലവിൽ സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം ജീർണ്ണിച്ച അവസ്ഥയിലാണ്. ഷീറ്റ് മേഞ്ഞ ഭാഗങ്ങളിൽ ചോർച്ചയുണ്ട്. ഇവിടെയാണ് ക്യാഷ് കൗണ്ടറും ഫ്രന്റ് ഓഫീസും. സമീപത്ത് തന്നെയാണ് ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നത്.
ആകെ 480 സ്‌ക്വയർ ഫിറ്റ് വിസ്തീർണമുള്ള കെട്ടിടത്തിൽ അസി.എൻജിനീയർ, സീനിയർ സൂപ്രണ്ട്, സീനി.അസിസ്റ്റന്റ്, ഓഫീസ് അറ്റന്റ്, കാഷ്യർ, മൂന്ന് സബ് എൻജിനീയർ, ആറ് ഓവർസിയർ, 11 ലൈൻമാൻമാർ, ഏഴ് വർക്കർമാർ, രണ്ട് മീറ്റർ റീഡർമാർ എന്നിങ്ങനെയായി 34 പേർ ജോലി ചെയ്യുന്നു. കരാർ ജോലിക്കാരും കൂടിയാകുമ്പോൾ നിന്നുതിരിയാനിടമില്ല.
ഇത്രയും ജീവനക്കാരുള്ള ഓഫീസിൽ ആകെ ഒരു ശുചിമുറി മാത്രമാണുള്ളത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നിടത്ത് അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഒപ്പം വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്ക് ഇരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
പുതിയ കെട്ടിടം സ്വപ്നം മാത്രം
2011 ജനുവരിയിൽ പുതിയ കെട്ടിടം നിർമ്മിക്കാനവശ്യമായ സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫിസിന് സമീപം മലമ്പുഴ വില്ലേജ് ഒന്നിൽ റിസർവേ നമ്പർ 174/2 പി.കെ.ബ്ലോക്ക് 28ൽപ്പെട്ട 60 സെന്റ് സ്ഥലം കണ്ടെത്തുകയും ചെയ്തു. ജലസേചന വകുപ്പിന്റെ ഭൂമി കൈമാറാൻ സെക്രട്ടേറിയേറ്റിലെ ബന്ധപ്പെട്ട വകുപ്പിലേക്ക് അപേക്ഷ നൽകിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. ബോർഡ് ചെയർമാനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും ഇടപെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.