ldf

പ്രതികരിക്കാതെ പ്രാദേശിക നേതൃത്വം

മണ്ണാർക്കാട്: നിയമസഭ തിരഞ്ഞടുപ്പിൽ മണ്ഡലം തിരിച്ചുപിടിക്കാൻ പൊതുസ്വതന്ത്രനെ രംഗത്തിറക്കാൻ ഇടതുമുന്നണിയിൽ അണിയറ നീക്കം. നിരവധി തവണ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ച മണ്ഡലമാണെങ്കിലും തുടർച്ചയായി രണ്ടുതവണ പരാജയം രുചിച്ച സാഹചര്യത്തിലാണ് പുതിയ ആശയം ഉരുത്തിരിയുന്നത്.

മണ്ഡലത്തിൽ രണ്ട് ടേം പൂർത്തിയാക്കിയ അഡ്വ.എൻ.ഷംസുദ്ദീനെ മാറ്റി ലീഗ് പുതിയൊരാളെ സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ സാഹചര്യം മാറുമെന്നും സർവ സന്നാഹങ്ങളും ഉപയോഗിച്ച് മണ്ഡലം കൈപ്പിടിയിലാക്കാമെന്നും എൽ.ഡി.എഫ് കണക്കാക്കുന്നു.

സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമായ ഇവിടെ പൊതുസ്വതന്ത്രനെ നിറുത്തിയാൽ പരസ്പരമുള്ള വിഴുപ്പലക്കലും കാലുവാരലും ഒഴിവാക്കാമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്. മണ്ണാർക്കാട്, കുമരംപുത്തൂർ, കോട്ടോപ്പാടം, തെങ്കര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വർഷങ്ങളായി സി.പി.എം-സി.പി.ഐ ബന്ധം ഏറെ വഷളാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മിക്കയിടത്തും ഇരുപാർട്ടികളും നേർക്കുനേർ പോരടിച്ചതോടെ യു.ഡി.എഫും ബി.ജെ.പി.യും നേട്ടമുണ്ടാക്കി. ഈ നഷ്ടങ്ങളുടെ യാഥാർത്ഥ്യം ഇതുവരെ ഇരുപാർട്ടികളുടെയും പ്രാദേശിക നേതൃത്വം അംഗീകരിക്കാൻ പോലും തയ്യാറായിട്ടില്ല. നേരിട്ട് കണ്ടാൽ പരസ്പരം മിണ്ടാത്ത സാഹചര്യത്തിലേക്ക് മണ്ണാർക്കാട്ടെ ഇടത് നേതാക്കൾ എത്തിക്കഴിഞ്ഞെന്നതാണ് യാഥാർത്ഥ്യം. ആദർശപരമായ ഭിന്നതയല്ല,​ ഇരുപാർട്ടികളിലേയും നേതാക്കൾ തമ്മിലുള്ള വ്യക്തിസ്പർദ്ധയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നത് പരസ്യമായ രഹസ്യമാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിന്റെ വമ്പൻ തോൽവിക്ക് പിന്നിൽ സി.പി.എം കാലുവാരിയതാണെന്ന ആരോപണം അഞ്ചുവർഷത്തിനിപ്പുറവും മുന്നണിക്കുള്ളിൽ പുകയുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രശ്നപരിഹാരത്തിന് ജില്ലാ നേതൃത്വം നടത്തിയ ശ്രമങ്ങളെല്ലാം പ്രാദേശിക നേതൃത്വം തള്ളിയിരുന്നു.

സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത എന്ന നിലയിൽ മേഖലയിലെ ചില പ്രമുഖരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ ഇടത് നേതൃത്വം തയ്യാറല്ല. സീറ്റ് ചർച്ച ചൂടുപിടിക്കുന്ന മുറയ്ക്ക് മുന്നണി ജില്ലാ നേതൃത്വം അന്തിമ തീരുമാനത്തിലെത്തും.

സി.പി.ഐ നിലപാട് നിർണായകം
സംസ്ഥാനത്ത് തുടർ ഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണി പരമാവധി സീറ്റുകളിൽ വിജയിക്കാനുള്ള നീക്കത്തിലാണ്. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ണാർക്കാട് മുന്നണിക്കുള്ളിലെ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് പൊതുസ്വതന്ത്രനെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യത്തിൽ സി.പി.ഐ.യുടെ നിലപാട് തന്നെയാണ് നിർണ്ണായകമാകുക. വർഷങ്ങളായി സി.പി.ഐ മത്സരിക്കുന്ന മണ്ഡലമാണിത്. ഈ സീറ്റ് നഷ്ടപ്പെട്ടാൽ വിജയം ഉറപ്പാക്കാവുന്ന മറ്റൊരു സീറ്റ് വേണമെന്ന വാദം അവർ സി.പി.എമ്മിന് മുന്നിൽ ഉയർത്തിയേക്കാം. ജില്ലയിൽ അത്തരത്തിലൊരു സീറ്റ് വിട്ടുനൽകാൻ സി.പി.എം തയ്യാറാകുമോ എന്നും കണ്ടറിയണം.