പാലക്കാട്: ഗവ.മെഡിക്കൽ കോളേജ് ഒ.പി ബ്ലോക്ക് നിർമ്മാണം അന്തിമഘട്ടത്തിൽ. നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെൻട്രൽ ബ്ലോക്കിലാണ് ഒ.പി സൗകര്യമൊരുക്കുന്നത്.
കെട്ടിടത്തിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് പ്രവർത്തികൾ ഒഴികെയുള്ള 90% ജോലിയും പൂർത്തിയായി. ഈ മാസം 20ന് മുമ്പ് പ്രവർത്തി പൂർത്തിയാക്കും.
രണ്ടുലക്ഷം ചതുരശ്ര അടിയിൽ ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങൾ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്. പീഡിയാട്രിക്, ഗൈനക്കോളജി, സർജറി, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഒ.പി എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിനനുസരിച്ച് ഒ.പി എണ്ണം വർദ്ധിപ്പിക്കും. മെഡി.കേളേജിലെ മൂന്ന് ബ്ലോക്കുകളുടെ നിർമ്മാണത്തിനായി ആകെ 297 കോടിയുടെ കരാറാണ് നൽകിയിട്ടുള്ളത്. ഇതിൽ 152 കോടിയുടെ പ്രവർത്തി ചെയ്ത് കഴിഞ്ഞു.
ആറ് നിലകളുള്ള കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നും രണ്ടും നിലകളുമാണ് ഒ.പിക്കായി ഉപയോഗപ്പെടുത്തുക. ഒ.പിയിൽ പരിശോധനയ്ക്ക് എത്തുന്ന രോഗികളിൽ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിർദ്ദേശിക്കും. മാർച്ചിൽ മറ്റു രണ്ട് ബ്ലോക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ക്ലിനിക്കൽ ഒ.പി കൂടി ആരംഭിക്കാനാകും.
ഇതോടെ കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുങ്ങും.
അക്കാദമിക് ബ്ലോക്ക്, മെയിൻ ബ്ലോക്ക്, ഹോസ്റ്റലുകൾ, ഭൂഗർഭ ജലസംഭരണി, ഇലക്ട്രിക്കൽ, ഫയർ, ലിഫ്റ്റ്, ചുറ്റുമതിൽ, ഹോസ്പിറ്റൽ ബ്ലോക്ക് ഉൾപ്പെടെ ഇതുവരെ 239 കോടിയുടെ നിർമ്മാണം പൂർത്തീകരിച്ചു. ആകെ 559 കോടിയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.