b

ചെർപ്പുളശ്ശേരി: മഴക്കാലമായാലും വേനൽക്കാലമായാലും നിരപ്പറമ്പുകാർക്ക് വീട്ടിലെത്തുക എന്നത് അല്പം സാഹസികമായ കാര്യമാണ്.
സുരക്ഷിതമായ ഒരു വഴിയില്ലാത്തതു തന്നെയാണ് പ്രശ്നം. 80ലധികം കുടുംബങ്ങളാണ് 16ാം വാർഡ് നിരപ്പറമ്പ് ഭാഗത്ത് താമസിക്കുന്നത്. പ്രദേശത്തുകൂടി ഒഴുകുന്ന തോട് മുറിച്ചു കടന്നുവേണം ഇവർക്കെല്ലാം വീടുകളിലെത്താൻ.
സ്‌കൂളിൽ പോകുന്ന ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ദുരിതം അനുഭവിക്കുന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ പോലും തോട് മുറിച്ചുകടക്കാതെ മറ്റ് മാർഗമില്ല. മഴക്കാലത്ത് തോട് നിറയുമ്പോൾ സമീപത്തെ തടയണയ്ക്ക് മുകളിലുള്ള പാലത്തെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. ഈ യാത്രയും ഒട്ടും സുരക്ഷിതമല്ല. പ്രളയ സമയത്ത് വെള്ളം കയറിയപ്പോൾ പ്രദേശമാകെ ഒറ്റപ്പെടുന്ന സാഹചര്യവുമുണ്ടായി.
മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന തോട്ടിലൂടെ ഒലിച്ചെത്തുന്ന മലമ്പാമ്പും മറ്റ് ഇഴജന്തുക്കളും ഇവർക്ക് ഭീഷണിയാണ്. 26ാം മൈലിനെയും മണ്ണുകുഴി റോഡിനെയും ബന്ധിപ്പിച്ച് തോടിന് കുറുകെ പാലം വേണമെന്നാണ് ഇവരുടെ ആവശ്യം.
പാലം വന്നാൽ ഉങ്ങിൻതറ, കുറ്റിക്കോട്, വീരമംഗലം പ്രദശങ്ങളിലേക്കും യാത്ര എളുപ്പമാവും. പാലം വേണമെന്നാവശ്യപ്പെട്ട് നേരത്തെ നിരവധി തവണ പ്രദേശവാസികൾ ജനപ്രതിധികൾക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയൊന്നും ആയിട്ടില്ല.
വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പി.കെ.ശശി എം.എൽ.എയ്ക്കും നാട്ടുകാർ നിവേദനം നൽകി.