foot
ബി.ഇ.എം സ്‌കൂളിന് മുന്നിലെ നടപ്പാലം

പാലക്കാട്: നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്ന് ആശ്വാസമേകാൻ കാൽനട യാത്രക്കാർക്കായി നിർമ്മിക്കുന്ന മേൽപ്പാലങ്ങളിൽ രണ്ടാമത്തേതിന്റെ പ്രവർത്തനവും പൂർത്തിയായി. ഗവ.വിക്ടോറിയ കോളേജ് ജംഗ്ഷനിലേതിന് സമാന രീതിയിലുള്ള പാലമാണ് ബി.ഇ.എം സ്‌കൂളിനു മുന്നിലും ഒരുങ്ങിയത്. സ്‌കൂളിൽ നിന്ന് തുടങ്ങി എതിർ വശത്തുള്ള ഡോ.കൃഷ്ണൻ മെമ്മോറിയൽ പാർക്കിന് സമീപത്ത് അവസാനിക്കുന്ന വിധത്തിലാണ് പാലം.

നഗരസഭ മുൻകൈ എടുത്താണ് പ്രധാന സ്‌കൂളുകൾക്കും കോളേജിനും മുന്നിൽ നടപ്പാലം ഒരുക്കുന്നത്. പി.എം.ജി സ്‌കൂൾ, മോയൻ എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് അടുത്ത മേൽപ്പാലം വരുന്നത്. ഇവയുടെ നിർമ്മാണം ഉടൻ തുടങ്ങും.

പി.എം.ജി സ്‌കൂളിനുള്ളിലെ പഴയ ബുക്ക് ഡിപ്പോ കെട്ടിടത്തിന് സമീപത്ത് നിന്ന് തുടങ്ങി സി.പി.എം ഓഫീസിന് സമീപത്തെ മിൽമ ബൂത്തിന് പിന്നിലായി അവസാനിക്കുന്ന വിധത്തിലാണ് ഇവിടത്തെ പാലം പണിയുക. മോയൻ എൽ.പി.എസിൽ നിന്ന് തുടങ്ങി മോയൻ ഗേൾസ് എച്ച്.എസ്.എസിൽ അവസാനിക്കും വിധമാണ് നാലാമത്തെ നടപ്പാലം. വിദ്യാർത്ഥികൾക്ക് വാഹന തിരക്കില്ലാതെ റോഡ് മുറിച്ചുകടക്കാൻ പാലം ഉപകരിക്കും.

അമൃത് പദ്ധതിയിൽ രണ്ടുകോടി ചെലവിലാണ് നടപ്പാലങ്ങൾ നിർമ്മിക്കുന്നത്. 50 ലക്ഷമാണ് ഒരോ പാലത്തിനും നിർമ്മാണച്ചെലവ്. ബി.ഇ.എം സ്‌കൂളിന് മുന്നിലെ പാലത്തിന്റെ ചെറിയ മിനിക്കുപണികൾ കൂടി പൂർത്തിയാകുന്നതോടെ അടുത്താഴ്ച പാലം തുറക്കും.

എൻ.സ്വാമിദാസ്, എ.ഇ.ഇ, പാലക്കാട് നഗരസഭ.