ശ്രീകൃഷ്ണപുരം: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ 'ഗന്ധർവ വനം" ഒരുക്കി അടയ്ക്കാപുത്തൂർ സംസ്‌കൃതി. തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം അരക്കുപറമ്പ് കറുത്തേടത്ത് ദാമോദരനുണ്ണി നമ്പൂതിരി നിർമ്മിച്ച സ്മൃതിവനത്തിലാണ് ഗന്ധർവ വനമൊരുക്കിയത്.
കഴിഞ്ഞ വർഷം 80-ാം പിറന്നാൾ ദിനത്തിൽ 80 വൃക്ഷ തൈകൾ നട്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിസ്ഥിതി സംഘടനയായ അടയ്ക്കാപുത്തൂർ സംസ്‌കൃതിയുടെ സഹകരണത്തോടെയാണ് ഗന്ധർവ വനം ഒരുക്കിയത്.
നേരത്തെ സംസ്‌കൃതിയുടെ ഒട്ടേറെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ യേശുദാസ് പങ്കാളിയായിട്ടുണ്ട്. 2017ൽ ഒരേക്കറിൽ തുടങ്ങിയ സ്മൃതിവനത്തിൽ നക്ഷത്രവനം, ഔഷധ വൃക്ഷോദ്യാനം, ശലഭോദ്യാനം, പൂജാപുഷ്പോദ്യാനം തുടങ്ങിയ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ 81-ാമത്തെ വൃക്ഷതൈ അദ്ദേഹത്തിന്റെ ജന്മനക്ഷത്ര വൃക്ഷമായ പ്ലാവ് നട്ട് സംസ്കൃതി ആഘോഷിച്ചു.
സംസ്‌കൃതി ഈ വർഷം നടപ്പിലാക്കുന്ന അശോക വർഷം പദ്ധതിയുടെ ഭാഗമായി അശോകവനവും നിർമ്മിക്കുന്നുണ്ട്. ഇവിടെ സന്ദർശിക്കുന്ന ഓരോരുത്തർക്കും അശോക തൈ നടാനുള്ള സൗകര്യവും ഏർപ്പെത്തിയിട്ടുണ്ടെന്ന് ദാമോദരനുണ്ണി നമ്പൂതിരി അറിയിച്ചു. ചടങ്ങിൽ കെ.അഷ്‌റഫ്, രാജേഷ് അടയ്ക്കാപുത്തൂർ, യു.സി.വാസുദേവൻ, എം.പരമേശ്വരൻ, എം.പി.പ്രകാശ് ബാബു, കെ.ജയദേവൻ പങ്കെടുത്തു.