പാലക്കാട്: 'ജയ് ശ്രീറാം" സംഭവം കെട്ടടങ്ങുംമുമ്പ് നഗരസഭയിലെ ഗാന്ധിപ്രതിമയിൽ ബി.ജെ.പി കൊടി നാട്ടിയത് വീണ്ടും വിവാദത്തിന് തിരികൊളുത്തി. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് ഉടൻ കൊടി അഴിച്ചുമാറ്റി.
സംഭവം വിവാദമായതോടെ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി പ്രതിമയ്‌ക്കരികിലെത്തി. ബി.ജെ.പി പ്രവർത്തകർ ആർ.എസ്.എസ് അജൻഡ നടപ്പാക്കുകയാണെന്നും പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരും നഗരസഭയിൽ പ്രതിഷേധിച്ചു.
എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു. കൊടി നാട്ടിയതിൽ പങ്കില്ലെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും ജില്ലാ പ്രസിഡന്റും നഗരസഭ ഉപാദ്ധ്യക്ഷനുമായ അഡ്വ. ഇ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഡിസംബർ 16ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ നഗരസഭയുടെ മുകളിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയത് വലിയ വിവാദമായിരുന്നു.