മലമ്പുഴ: മാലിന്യം നിറഞ്ഞ് മലമ്പുഴയിലെ പ്രധാന ജലാശയങ്ങളും ജലസംഭരണിയും. മലമ്പുഴയുടെ വശ്യഭംഗിയും കാനന സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സന്ദർശക ബാഹുല്യം മൂലം അകമലവാരത്ത് മാലിന്യം കുന്നുകൂടുകയാണ്.
ഇവ ചിതറി തെറിച്ച് ജലാശയങ്ങളും മലിനമാകുന്നു. മലമ്പുഴ ജലസംഭരണിയിൽ നിന്നാണ് പാലക്കാട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങളിൽ അണകെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ അകമലവാരം, കവ, ആനക്കൽ, പൂക്കുണ്ട്, കവറക്കുണ്ട് പ്രദേശങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ഉദ്യാനത്തിൽ എത്തുന്നയത്രയും തന്നെ സന്ദർശകരാണ് ഈ വനമേഖലകളും സന്ദർശിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളിലെ ലൊക്കേഷൻ കൂടിയായതോടെ തിരക്ക് അനുദിനം വർദ്ധിക്കുന്നു. ഈ ഭാഗങ്ങളിൽ പ്രവേശന നിയന്ത്രണമോ പരിശോധനയോ ഇല്ലാത്തത് മൂലം പുഴകളിലും ഡാമിലുമെല്ലാം ആളുകൾ ഇറങ്ങുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു. ഇത് ഇവിടുത്തെ വന്യമൃഗങ്ങളുടെ ജീവന് ഭീക്ഷണി കൂടിയാണ്.
ഗ്രാമവാസികൾ ദുരിതത്തിൽ
റിംഗ് റോഡ് പ്രദേശത്തുകാർക്ക് മാലിന്യം പ്രശ്നം അനുദിനം ഭീഷണിയാകുന്നു.
സന്ദർശകൾ വഴിയോരത്ത് അശാസ്ത്രീയമായി വാഹനം പാർക്ക് ചെയ്യുന്നത് മൂലം യാത്രാ ബസുകളും മറ്റ് വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നു.
മലമ്പുഴ ജലാശയത്തിലേക്കും മറ്റ് ജലസ്‌ത്രോതസുകളിലേക്കുമുള്ള പ്രവേശനം നിയന്തിക്കുകയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഉപേക്ഷിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
ഇറിഗേഷൻ, വനം, പൊലീസ്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ യോജിച്ച പ്രവർത്തനവും മാലിന്യ നിയന്ത്രണവുമാണ് ഇനി നാടിനാവശ്യം.