മണ്ണാർക്കാട്: വിദ്യാലയങ്ങൾ ഭാഗികമായി തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊതുവിദ്യാലയങ്ങളിൽ അദ്ധ്യാപക ക്ഷാമം തുടരുന്നത് പഠനം പ്രതിസന്ധിയിലാക്കുന്നു. സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർ പ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായാണ് പത്താംതരം, പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൊവിഡ് മാനദണ്ഡ പ്രകാരം ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്.
നടപ്പ് അദ്ധ്യയന വർഷത്തിൽ അദ്ധ്യാപക നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പലയിടത്തും ചില വിഷയങ്ങൾ പഠിപ്പിക്കാനാളില്ല. ശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവുകളേറെയും.
ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി നൂറുകണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി സമ്പൂർണ വിജയം കൈവരിച്ച വടശ്ശേരിപ്പുറം ഹൈസ്‌കൂളിലും അട്ടപ്പാടി മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും പല വിഷയങ്ങൾക്കും സ്ഥിരാദ്ധ്യാപകരേയില്ല.
ബദൽ സംവിധാനം നടപ്പായില്ല
ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനും അധികൃതർ വിമുഖത കാണിക്കുകയാണ്.
വിദ്യാലയങ്ങൾ പൂർണമായും തുറന്ന് പ്രവർത്തിക്കാത്തതിനാൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനാകില്ല.
വിരമിച്ചവരെയും പ്രൈമറി വിഭാഗത്തിൽ നിന്നുള്ള യോഗ്യരായ അദ്ധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് നിർദേശം.
കൊവിഡ് പശ്ചാത്തലത്തിൽ വിരമിച്ചവരെയും അനുയോജ്യരായ പ്രൈമറി അദ്ധ്യാപകരെയും കിട്ടാനില്ല.
പൊതുപരീക്ഷ മാർച്ചിൽ തുടങ്ങാനിരിക്കെ വേണ്ടത്ര പഠന പിന്തുണ ലഭ്യമല്ലാത്ത അവസ്ഥയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
പ്രശ്നം പരിഹരിക്കണം
അദ്ധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് പി.എസ്.സി നിയമനം ത്വരിതപ്പെടുത്തണമെന്നും സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും നടപടിയെടുക്കണമെന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നും കെ.എസ്.ടി.യു ഉപജില്ലാ പ്രവർത്തക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് ടി.കെ.എം.ഹനീഫ അദ്ധ്യക്ഷനായി.