ഒറ്റപ്പാലം: കാട്ടുപന്നികളെ തുരത്തി വിയർപ്പൊഴുക്കിയ കൃഷിയിടങ്ങളെ രക്ഷിക്കാനുള്ള പലവിധ ശ്രമങ്ങളിലാണ് കർഷകർ. കൊയ്ത്തുപാടങ്ങൾ മുതൽ കുലവന്ന വാഴത്തോട്ടം വരെ കാട്ടുപന്നികളിറങ്ങി നിരപ്പാക്കുകയാണ്. നെല്ല്, വാഴ,
ചേന, ചേമ്പ്, കൂർക്ക, കൂവ എന്നിങ്ങനെ കാട്ടുപന്നികൾ നശിപ്പിച്ച കാർഷിക വിള അനവധിയാണ്.
പാടത്ത് പാടികെട്ടി രാത്രി കാവലിരുന്നിട്ടും കാട്ടുപന്നികൾ വിളവ് നശിപ്പിക്കുന്നത് തടയാനായില്ലെന്ന് കർഷകർ പറയുന്നു. അറിയാവുന്ന നാട്ടുവിദ്യകൾ പലതും പയറ്റി. ഇപ്പോൾ പുതിയൊരു വിദ്യയാണ് പ്രയോഗത്തിൽ. ഒറ്റപ്പാലം, ഷൊർണൂർ മേഖലയിലെ കൃഷിയിടങ്ങളിൽ ഈ കാഴ്ച വ്യാപകമാണ്.
പാടവരമ്പിൽ സ്ഥാപിച്ച കാറ്റിൽ കറങ്ങുന്ന ഫാൻ, അതിൽ ഘടിപ്പിച്ച ചെറിയ ഷാഫ്‌റ്റുകൾ, അവ സ്റ്റീൽ പാത്രത്തിൽ തട്ടുമ്പോഴുള്ള തുടർച്ചയായ ശബ്ദം. ഈ 'വാദ്യവിദ്യ"യിൽ പന്നികൾ അകന്നുമാറുന്നതാണ് കർഷകർക്ക് ആശ്വാസമാകുന്നത്. മനിശ്ശീരിയിലെ ഒരു വർക്ക് ഷോപ്പുടമയാണ് ഈ വിദ്യ യാഥാർത്ഥ്യമാക്കി നൽകിയത്.
ഫെൻസിംഗ് കെട്ടി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതും മറ്റും ചെലവേറിയതാണ്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിബന്ധനകളോടെ സർക്കാർ നിയമം പുതുക്കി നൽകിയതും കർഷകർക്ക് ആശ്വാസമാണെങ്കിലും ഒട്ടേറെ തലവേദന പിടിച്ച പ്രവൃത്തിയാണ്. അതിനാൽ തന്നെ നാടൻ സാങ്കേതിക വിദ്യകൊണ്ട് പന്നികളെ അകറ്റാനുള്ള പരീക്ഷണത്തിലാണ് കർഷകർ.