crime

മലമ്പുഴ: ഇന്നലെ ഒലവക്കോട് വെച്ച് ഭാര്യ സരിതയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ് ബാബുരാജ് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വാട്‌സ് ആപ്പില്‍ വീഡിയോ പ്രചരണം നടത്തി. ഉദ്യമത്തിന് മുമ്പ് ആത്മഹത്യ ചെയ്യുന്നതായി വാട്സ് ആപ്പില്‍ പ്രചരണം നല്‍കി.

ഭാര്യ വീട്ടില്‍ നിന്ന് പിണങ്ങിപ്പോയതായും പല തവണ ശ്രമിച്ചിട്ടും വരുന്നില്ലെന്നും കഴിഞ്ഞ ദിവസം വിവാഹമോചന നോട്ടീസ് കിട്ടിയതായും വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി ഭാര്യ മാതാവും സഹോദരിയും സമീപത്തെ മറ്റൊരു യുവാവുമാണെന്നും പറയുന്ന ബാബുരാജ് ഭാര്യ പാവമാണെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ബാബുരാജ് മലമ്പുഴ ഡാമിലെ മീന്‍പിടിത്ത തൊഴിലാളിയാണ്. ഇന്നലെ ഇയാള്‍ പെട്രോള്‍ ഒഴിച്ച് കൊലപെടുത്താന്‍ ശ്രമിച്ച സരിത രണ്ടാം ഭാര്യയാണ്. സ്‌കൂള്‍ പ്രായത്തില്‍ സ്‌നേഹിച്ച് കല്യാണം കഴിച്ച ആദ്യ ഭാര്യ പ്രമീള 16 വര്‍ഷം മുമ്പ് വീടിനകത്ത് തുങ്ങി മരിച്ചിരുന്നു. അന്ന് കൊലപാതകമെന്ന് ആരോപണം ഉയർന്നെങ്കിലും തുടരന്വേഷണം നടന്നില്ല.

പെട്രോള്‍ ഉപയോഗിച്ച് ആളുകളെ അപായപ്പെടുത്താൻ ഇയാൾ മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഡാമില്‍ മീന്‍ പിടിക്കുന്നതിലെ തർക്കത്തെ തുടർന്ന് സഹതൊഴിലാളികള്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ബാബുരാജ് പെട്രോള്‍ ഒഴിച്ച് വല കത്തിക്കുകയും കൂടിനിന്ന പലര്‍ക്കും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ആദ്യ ഭാര്യയില്‍ രണ്ടും രണ്ടാംഭാര്യയിൽ ഒരു കുട്ടിയുമുണ്ട്. മുമ്പ് ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ പടക്കം പൊട്ടി ഇയാളുടെ വലത് കൈപ്പത്തി നഷ്ടപെട്ടിട്ടുണ്ട്.