പാലക്കാട്: ജില്ലയിൽ കൊവിഡ് വാക്സിൻ കുത്തിവയ്പ് 16ന് ആരംഭിക്കും. ഇതുവരെ 25,500 പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യഘട്ടം രജിസ്റ്റർ ചെയ്തവരിൽ 50% പേർക്ക് വാക്സിൻ ലഭ്യമാക്കും. ബാക്കിയുള്ളവർക്ക് അടുത്ത ഘട്ടത്തിൽ നൽകും. തിരഞ്ഞെടുത്ത ഒമ്പത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആദ്യദിനം ഒരു കേന്ദ്രത്തിൽ 100 പേർ വീതം 900 പേർക്ക് കുത്തിവയ്പ് നൽകും. കേന്ദ്രങ്ങളിൽ അവസാനഘട്ട പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി.
ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് വാക്സിൻ. രണ്ടാംഘട്ടത്തിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവർക്കും കൊവിഡ് മുന്നണിപ്പോരാളികൾക്കും നൽകും. പൊതുജനങ്ങൾക്ക് മൂന്നാംഘട്ടത്തിലാണ് വാക്സിൻ കുത്തിവയ്ക്കുക. വാക്സിൻ എടുത്തയാളെ അരമണിക്കൂർ നിരീക്ഷിച്ച് പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തും. ആദ്യ കുത്തിവയ്‌പെടുത്ത് നാലാം ആഴ്ചയിൽ രണ്ടാം ഡോസ് കൂടി കുത്തിവച്ചാൽ മാത്രമേ വാക്സിനേഷൻ പൂർത്തിയാകൂ. കൊച്ചിയിലെ മേഖലാ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഇന്ന് ജില്ലയിലെത്തും. വാക്സിൻ സൂക്ഷിക്കാൻ ജില്ലാ ആശുപത്രിയിലടക്കം 104 ശീതശൃംഖലാ കേന്ദ്രങ്ങൾ സജ്ജമാണ്.
വാക്സിനേഷൻ കേന്ദ്രങ്ങൾ
1.ജില്ലാ ആശുപത്രി.
2.ജില്ലാ ആയുർവേദ ആശുപത്രി
3.സി.എച്ച്.സി നെന്മാറ
4.സി.എച്ച്.സി കൊപ്പം
5.സി.എച്ച്.സി നന്ദിയോട്
6.സി.എച്ച്.സി അഗളി
7.സി.എച്ച്.സി ചാലിശ്ശേരി
8.സി.എച്ച്.സി അമ്പലപ്പാറ
9.പി.എച്ച്.സി കോട്ടോപ്പാടം
ഒമ്പത് കേന്ദ്രങ്ങളിലും ഒരുക്കം വിലയിരുത്താൻ ഒരു വാക്സിനേറ്റർ ഓഫീസറും നാല് വാക്സിനേഷൻ ഓഫീസർമാരും അടങ്ങുന്ന സംഘം സജ്ജമാണ്. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള വെയിറ്റിംഗ് ഏരിയ, ഐഡന്റിറ്റി പരിശോധന, വാക്സിനേഷൻ, നിരീക്ഷണം എന്നിവയ്ക്കായി നാല് റൂമുകളും ഒരുക്കി. അടിയന്തിര ഘട്ടങ്ങളിൽ പൊലീസ്, ആംബുലൻസ് ക്രമീകരണം ഏർപ്പെടുത്തും. കുത്തിവയ്പിനുള്ള ഉപകരണങ്ങളും സജ്ജമാണ്.
-ഡോ.കെ.പി.റീത്ത, ഡി.എം.ഒ.