പാലക്കാട്: വാളയാർ കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ 27 മുതൽ അനിശ്ചിതകാല സത്യഗ്രഹത്തിന്.
കേസന്വേഷിച്ച ഡിവൈ.എസ്.പി സോജനെതിരെ നടപടിയെടുത്തില്ലെങ്കിൽ തെരുവിൽകിടന്ന് മരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു.
മൂത്ത പെൺകുട്ടി മരിച്ച് നാലുവർഷം തികഞ്ഞ ഇന്നലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉപവാസത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്.
അന്വേഷണത്തിലെ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തുകയും കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിൽ ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കുന്നത് വരെ അട്ടപ്പള്ളത്ത് അനിശ്ചിതകാല സത്യഗ്രഹം നടത്തും.
സമര പ്രഖ്യാപന സമ്മേളനം വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി.സി.കബീർ മുഖ്യപ്രഭാഷണം നടത്തി. നീതി സമരസമിതി അദ്ധ്യക്ഷൻ വിളയോടി വേണുഗോപാൽ സമര പ്രഖ്യാപനം നടത്തി.