pongal

ചിറ്റൂർ: കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനു വേണ്ടി തമിഴ് ജനത ആചരിച്ചു വരുന്ന പൊങ്കൽ ഉത്സവത്തിന് തുടക്കമായി. കിഴക്കൻ അതിർത്തി ഗ്രാമങ്ങളും തൈ പൊങ്കലിനെ വരവേൽക്കാൻ ഒരുങ്ങി.

തമിഴ് കർഷകരുടെ പ്രധാന ഉത്സവമാണ് പൊങ്കൽ. ചിറ്റൂർ മേഖലയിൽ തമിഴ്- മലയാളി വ്യത്യാസമില്ലാതെ കർഷകരും സാധാരണക്കാരും ആഘോഷത്തോടെയാണ് പൊങ്കൽ ആചരിക്കുന്നത്. ഇന്നലെ കാപ്പുകെട്ട് ചടങ്ങോടെ ആഘോഷത്തിന് തുടക്കമായി. മാവില, ആര്യവേപ്പില, ആവാരം പൂ, പുളപ്പൂവ് തുടങ്ങിയവ വീടിന്റെ മൂലകളിലും തൊഴുത്തിന് മുൻവശത്തും കെട്ടി വയ്ക്കുന്ന ചടങ്ങാണിത്. ഇതിന് മുമ്പുള്ള നാളുകളിൽ തന്നെ വീടുകളും കാലിതൊഴുത്തും വൃത്തിയാക്കി വെള്ളയടിച്ചും ചായ പൂശിയും മുറ്റത്ത് വർണ്ണ കോലം വരച്ചും അലങ്കരിക്കും.

ഇന്ന് തൈ പൊങ്കലാണ്. വീടിനു മുമ്പിൽ കോലം വരച്ച പുതിയ മൺചട്ടിയിൽ പൊങ്കൽ വയ്ക്കുന്ന ചടങ്ങാണിത്. നാളെ പ്രധാന ചടങ്ങായ മാട്ടുപൊങ്കൽ നടക്കും. കാലികളെ കുളിപ്പിച്ച് കൊമ്പുകളിൽ ചായംപൂശി കുറി വരച്ച് അലങ്കരിച്ച് നിറുത്തും. തൊഴുത്തിന് മുമ്പിൽ തെപ്പകുളം എന്ന പേരിൽ ചെറിയ കുളത്തിന്റെ മാതൃക നിർമ്മിക്കും. സന്ധ്യക്ക് അലങ്കരിച്ച കാലികളെ തെപ്പക്കുളം ചാടിക്കുക എന്ന ചടങ്ങ് അരങ്ങേറും. ശേഷം കാലികൾക്ക് പൊങ്കൽ പ്രസാദം ഊട്ടും. അടുത്ത ദിവസത്തെ പൂപ്പൊങ്കൽ ചടങ്ങോടെ നാലുദിവസം നീളുന്ന ഈ വർഷത്തെ പൊങ്കൽ ആഘോഷത്തിന് സമാപ്തിയാകും.