പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് സ്ത്രീകളുടെ മാനസിക സംഘർഷം കുറയ്ക്കാൻ വനിത കമ്മിഷൻ നിയോഗിച്ച കൗൺസിലർമാരുടെ സേവനം തുടരുമെന്ന് അദ്ധ്യക്ഷ എം.സി.ജോസഫൈൻ. ലോക്ക് ഡൗണിൽ ഗാർഹിക പീഡനം കുറഞ്ഞു. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകൾക്കെതിരെയുള്ള ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്ന കമ്മിഷന് മുമ്പാകെ സ്വത്ത് സംബന്ധമായ നിരവധി സിവിൽ കേസുകൾ വരുന്നുണ്ട്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. സ്ത്രീകൾക്കെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമം തടയുന്നതിനും ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് കമ്മിഷൻ. പുരുഷന്മാർ സ്ത്രീകളെ പ്രേരിപ്പിച്ച് കേസുകൾ നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. സ്ത്രീകളുടെ അധ്വാനത്തിന് വിലമതിച്ച സുപ്രീം കോടതി ജസ്റ്റിസ് രമണയുടെ വിധിയെ സ്വാഗതം ചെയ്യുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് അദാലത്ത് നടത്തുന്നത്. 70 പരാതി പരിഗണിച്ചതിൽ 22 എണ്ണം തീർപ്പാക്കി. എട്ടെണ്ണം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 40 പരാതി അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു. പുതുതായി നാല് പരാതി ലഭിച്ചു. കമ്മിഷൻ അംഗങ്ങളായ ഇ.എം.രാധ, ഷിജി ശിവജി, ഡയറക്ടർ എസ്.പി വി.യു.കുര്യാക്കോസ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.