പാലക്കാട്: വാളയാറിൽ നടന്ന വാഹന പരിശോധനയിൽ 30 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ ഷാൻ (19), മുഹമ്മദ് ഷെഫിൻ (20), ഇടുക്കി സ്വദേശി മാർലോൺ മാനുവൽ (24) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്നുവന്ന ബസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 30 ലക്ഷം വില വരും.
വിശാഖപട്ടണത്ത് നിന്ന് വൻ തോതിൽ കഞ്ചാവ് കടത്തി എറണാകുളം, കൊല്ലം, തൃശൂർ, ഇടുക്കി ജില്ലകളിൽ ചില്ലറ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. മാർലോസ് മാനുവലിന്റെ പേരിൽ എറണാകുളത്തെ വിവിധ എക്‌സൈസ് ഓഫീസുകളിൽ എൻ.ഡി.പി.എസ് കേസുണ്ട്.ഇതര ലഹരി മരുന്നുകളും വൻ തോതിൽ സംസ്ഥാനത്തേക്ക് കടത്തി രഹസ്യ കേന്ദ്രങ്ങളിൽ സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ഇവർ മൊഴി നൽകി. പ്രതികൾക്ക് കഞ്ചാവെത്തിച്ച് കൊടുക്കുന്നവരെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എ.രമേശ് അറിയിച്ചു.
സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്.പ്രശോഭ്, റേഞ്ച് ഇൻസ്പെക്ടർ എസ്.റിയാസ്, പി.ഒ.മാരായ എ.ജയപ്രകാശൻ, ആർ.വേണുകുമാർ, മൻസൂർ അലി, വൈ.സൈദ് മുഹമ്മദ്, പി.എം.മുഹമ്മദ് ഷെരീഫ്, സി.ഇ.ഒ.മാരായ ബി.ഷൈബു, കെ.ജ്ഞാനകുമാർ, കെ.അഭിലാഷ്, ടി.എസ്.അനിൽകുമാർ, എം.അഷ്‌റഫലി, എ.ബിജു, എം.വിനായകൻ, എൽ.കൃഷ്ണമൂർത്തി, ആർ.വിനീത്, ഡ്രൈവർമാരായ കെ.ജെ.ലൂക്കോസ്, ആർ.രാഹുൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.