walking-girls

നിറങ്ങൾ മുഴുവനായി കണ്ടുതീരാത്ത, ഒരു നീലക്കുറിഞ്ഞിക്കാലം പോലും നടന്നു തീർക്കാത്ത, രണ്ടു പെൺകുരുന്നുകൾ കഴിഞ്ഞ നാല് വർഷമായി കേരള മനസാക്ഷിയുടെ തലയ്ക്ക് മീതെ തൂങ്ങിനിൽക്കുകയാണ്. ആ കുഞ്ഞുകാലുകൾ നമ്മുടെ ശിരസിൽ മുട്ടുന്നില്ലെന്ന മിഥ്യാധാരണയിലാണ് നാം കാലുകൾക്ക് ചക്രംവച്ചതുപോലെ പായുന്നത്. സ്വന്തം കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആലോചിക്കുന്നവർക്ക് വാളയാറിലേത് തങ്ങളെ ബാധിക്കില്ലെന്ന് കരുതാനാവില്ല.

2017ലാണ് വാളയാറിൽ ലൈംഗികാതിക്രമങ്ങൾക്കു ശേഷം രണ്ടു ദളിത് പെൺകുട്ടികൾ കൊല്ലപ്പെടുന്നത്. കേസിൽ പ്രതികളെ വെറുതേവിട്ട വിചാരണക്കോടതി വിധി ഇപ്പോൾ ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്തിരിക്കുന്നു. പൊലീസിന്റെ നിരുത്തരവാദത്തെതുടർന്ന് തെളിവുകൾ നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ പുനർവിചാരണയല്ല, തുടരന്വേഷണമാണ് നടക്കേണ്ടതെന്ന ആവശ്യം ഹൈകോടതി വിധിക്കു ശേഷം ഉയർന്നുവന്നിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കേസന്വേഷണം സി.ബി.ഐക്ക് വിടാൻ സർക്കാർ കോടതിയെ സമീപിക്കുമെന്നത് ഏറെ ആശ്വാസകരമാണ്. എന്നാൽ, അതുകൊണ്ടു മാത്രം തീരുന്നില്ല, വാളയാർ കേസ് ഇതിനകം പലചോദ്യങ്ങളുടെയും വാതിലുകൾ തുറന്നുവച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ വാളയാറിൽ മാത്രം 42 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഗുരുതര സാമൂഹ്യ അരക്ഷിതാവസ്ഥയെ മറികടക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്, അതിന് ഇനിയും വൈകിക്കൂടാ...

വാളയാർ പ്രദേശത്ത് കുട്ടികൾ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് അറിയുന്നവരാണ് വാളയാറിലെ പൊലീസുദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും അങ്കണവാടി - സാമൂഹികക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും ചൈൽഡ്‌ലൈനും .

നെഞ്ചുതുളയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ

''ലോകത്തെ ഏറ്റവും അമൂല്യമായ സമ്പത്ത് കുട്ടികളാണ്; ഏറ്റവും മികച്ച പ്രതീക്ഷകളും'' ജസ്റ്റിസ് കൃഷ്ണയ്യരുടെ ഈ വാക്കുകളിലെ അന്തഃസത്ത ഉൾക്കൊള്ളാൻ നമുക്ക് സാധിച്ചിട്ടുണ്ടോ?​ ഇല്ലെന്നതാണ് ഉത്തരം. അതിന്റെ ഉദാഹരണങ്ങളാണ് വാളയാറും പാലത്തായുമെല്ലാം...

ദാരിദ്ര്യം ഉൾപ്പെടെയുള്ള ജീവിതദുരിതങ്ങളിലൂടെ കടന്നുപോകുന്ന അരികുവത്കരിക്കപ്പെട്ട ജനങ്ങളാണ് വാളയാറിൽ പാറക്കെട്ടുകൾക്ക് മീതെയുള്ള അട്ടപ്പള്ളം എന്ന പ്രദേശത്ത് താമസിക്കുന്നതിൽ ഏറെയും. ഷീറ്റുമേഞ്ഞ ഒറ്റമുറി വീട്ടിലാണ് അമ്മയുടെയും രണ്ടാനച്ഛന്റെയുമൊപ്പം ആ രണ്ടുകുട്ടികളും താമസിച്ചിരുന്നത്. രണ്ടാനച്ഛന്റെ സുഹൃത്തും അവർക്കൊപ്പമുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും അയൽവാസികളുമായ പ്രതികൾ അവരുടെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു. വ്യക്തിബന്ധവും കുടുംബബന്ധവും മുതലെടുത്ത് ഇവർ കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരാക്കുകയായിരുന്നു.

2017 ജനുവരി 13ന് മരിച്ച മൂത്തകുട്ടി ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ വേദനമൂലം ക്ലാസിൽ പലപ്പോഴും എഴുന്നേറ്റു നിൽക്കാറുണ്ടായിരുന്നെന്ന് അവളെ പഠിപ്പിച്ച അധ്യാപിക പറഞ്ഞിരുന്നു. ഒരു 13 വയസുകാരിക്ക് ഇത്രയും വേദനയുണ്ടാക്കുന്ന മുറിവുകളുണ്ടാവുകയും അത് വ്രണപ്പെട്ട് അഴുകിയനിലയിൽ എത്തിയിട്ടും അമ്മയോട് പറയാൻ കഴിയാതിരുന്നതിന്റെയും കാരണം തേടിയാൽ പ്രതിസ്ഥാനത്താവും നമ്മൾ ഓരോരുത്തരും. ആ കുഞ്ഞ് അനുഭവിക്കുന്ന മാനസിക - ശാരീരിക വേദനകളെ മനസിലാക്കാനോ കൗൺസലിംഗും മറ്റും നൽകി സുരക്ഷയൊരുക്കാനോ സ്‌കൂളിലെ അദ്ധ്യാപകർക്കും സമൂഹത്തിനും കഴിഞ്ഞില്ലെന്നത് ആ പ്രദേശത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നുണ്ട്. മേഖലയിൽ റിപ്പോർട്ട് ചെയ്യുന്ന പോക്സോ കേസുകളിൽ പ്രതിസ്ഥാനത്തുള്ളത് ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അയൽവാസികളുമൊക്കെയാണ് എന്നത് ഗൗരവമേറിയതാണ്. അടച്ചുറപ്പില്ലാത്ത സാമൂഹ്യചുറ്റുപാടുകളാണ് അതിന് കാരണം. ഇത് മറിക്കടക്കുക എന്നതുകൂടിയാവണം വാളയാർ പെൺകുട്ടികൾക്ക് ലഭിക്കുന്ന നീതിയിലൂടെ നാം ലക്ഷ്യമിടേണ്ടത്.

42ൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസിൽ

2012ന് ശേഷം ഇതുവരെയായി വാളയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആകെ 42 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് രണ്ട് കേസുകളിൽ മാത്രം. 23 കേസുകളുടെ വിചാരണ നടക്കുകയാണ്. പരാതിക്കാരുടെ ആവശ്യപ്രകാരം എട്ട് കേസുകൾ ഇതിനോടകം പൊലീസ് സ്റ്റേഷന് പുറത്ത് വച്ച് ഒത്തുതീർപ്പാക്കിയെന്നാണ് മനസിലാക്കുന്നത്. മറ്റു കേസുകളിൽ ഇപ്പോഴും നടപടിക്രമങ്ങൾ തുടരുകയാണ്. ആദിവാസി മേഖലയിൽ നിന്ന് നാല് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ആറുമാസത്തിനിടെ ഒരു പോക്‌സോ കേസ് പോലും വാളയാർ സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്.

ജില്ലയിൽ 1307 പോക്‌സോ കേസ്

പോക്‌സോ നിലവിൽ വന്ന 2012 മുതൽ ഇതുവരെ ജില്ലയിൽ 1307 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 66 കേസുകളിൽ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. 258 കേസുകളിൽ കോടതിയിൽ കുറ്റം തെളിയിക്കാനായില്ല. 753 കേസുകൾ കോടതിയുടെ പരിഗണനയിലാണ്. 230 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു. 2020–21 വർഷത്തിൽ ഇതുവരെ ജില്ലയിൽ 251 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 131 കേസുകളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 120 കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നു.

മാറ്റങ്ങൾ അനിവാര്യം

സ്ത്രീകളുടെയും കുട്ടികളുടെയും ഭരണഘടനാപരമായ അവകാശത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച കാര്യങ്ങൾ നടപ്പാക്കാൻ സർക്കാരുകൾക്ക് വലിയ രാഷ്ട്രീയ - സാമൂഹ്യ പ്രതിബദ്ധതയും നിരന്തരമായ കഠിന പ്രയത്‌നവും ആവശ്യമാണ്. പുരുഷാധികാര മൂല്യസങ്കൽപ്പങ്ങളിൽ വളർന്നുവന്ന സമൂഹത്തിൽ പ്രത്യേകിച്ചും.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നേരിട്ട ഒരു വെല്ലുവിളി ശബരിമലയിൽ യുവതികൾ പോകുന്നതിനെ എതിർത്ത് നാമജപം നടത്തിയ സ്ത്രീകളായിരുന്നു എന്നത് ഈ അവബോധമില്ലായ്മയുടെ സമീപകാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ്. തുടർച്ചയായ ബോധവത്കരണത്തിലൂടെ മാത്രമേ ഇത് പരിഹരിക്കാൻ കഴിയുകയുള്ളു.

നൂറ്റാണ്ടുകളായി സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന ഭയം, ഒറ്റപ്പെടൽ, ലൈംഗികാക്രമണം എന്നിവയ്ക്ക് നാം ഓരോരുത്തരും ചേർന്നുവേണം പ്രതിരോധം തീർക്കാൻ. അതിൽ, സർക്കാരുകൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ സമയബന്ധിതമായ ഇടപെടലിന് പൊലീസ് സംവിധാനത്തിനുള്ളിൽ മാറ്റങ്ങൾ ആവശ്യമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പാലിക്കേണ്ട പ്രക്രിയകളുടെ കുറ്റമറ്റ സംവിധാനം വിഭാവനം ചെയ്യേണ്ടതും അനിവാര്യമാണ്. കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും നേർക്കുള്ള ലൈംഗികാക്രമണ കേസുകളിൽ എല്ലാവരും കക്ഷിരാഷ്ട്രീയാതീതമായും മത, സമുദായാതീതമായും നിലപാടെടുക്കുക മാത്രമാണ് ഇരകൾക്ക് നീതിലഭ്യമാകാനുള്ള മാർഗം.