പാലക്കാട്: നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും അധികാരമേറ്റ് ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയില്ല. നഗരത്തിൽ പല ഭാഗത്തും മാലിന്യം കുന്നുകൂടി കിടക്കുന്നതിന് ഒരു മാറ്റവുമില്ല. കുന്നുകൂടിയ മാലിന്യം കത്തിക്കുന്നതും വ്യാപകമാണ്. മാലിന്യത്തിന്റെ ദുർഗന്ധത്തിന് പുറമേ പ്ലാസ്റ്റിക്കും അഴുകിയ മാലിന്യവും കത്തിക്കുമ്പോൾ ഉയരുന്ന പുക യാത്രക്കാർക്കും പ്രദേശവാസികൾക്കും നിരവധി ആരോഗ്യ പ്രശ്നങ്ങളാണുണ്ടാക്കുന്നത്.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട്, താണാവ് എന്നിവിടങ്ങളിൽ ഒരാഴ്ചയായി മാലിന്യത്തിൽ തീ കത്തുകയാണ്. ഓരോ തവണയും പാലക്കാട് നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കുമെങ്കിലും വീണ്ടും അടുത്ത ദിവസം തീ പടരുന്ന അവസ്ഥയാണ്.
താണാവിൽ പുക കാരണം സമീപ വീടുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രദേശത്ത് മാലിന്യം തള്ളരുതെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ല. രാത്രിയുടെ മറവിലാണ് ആളുകൾ മാലിന്യം തള്ളുന്നത്. മാലിന്യ കൂമ്പാരമാകുമ്പോൾ സാമൂഹിക വിരുദ്ധർ ഉൾപ്പെടെയുള്ളവർ അവ കത്തിക്കുകയും ചെയ്യും. പട്ടിക്കര ബൈപ്പാസും മാലിന്യമയമാണ്. ഇതുവഴിയുള്ള യാത്ര ജനങ്ങൾക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിന് സമീപത്തുള്ള മാലിന്യക്കൂമ്പാരത്തിലും കഴിഞ്ഞ ദിവസങ്ങളിൽ തീ പടർന്നിരുന്നു.
മാലിന്യനീക്കം കൃത്യമായി പാലിക്കാത്തതാണ് ഇത്തരം തീപിടിക്കലിന് കാരണം. പല ഭാഗത്ത് നിന്നും പേരിന് മാത്രം കുറച്ചു മാലിന്യമാണ് ശുചീകരണ തൊഴിലാളികൾ നീക്കുന്നത്. അതും രണ്ടാഴ്ച ഇടവിട്ട്. മാലിന്യനീക്കം ശരിയായ രീതിയിൽ നടന്നാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകൂ.
താണാവ് കഴിഞ്ഞ ഒരാഴ്ചയായി തീപിടിത്തം നിത്യസംഭവമാണ്. ഇന്നലെയും തീപിടിച്ചിരുന്നു. സമീപത്തുള്ള 50ഒാളം കുടുബങ്ങൾക്ക് പുക വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ കുറവുമൂലം ഇവിടെ മാലിന്യനീക്കം മന്ദഗതിയിലാണ് നടക്കുന്നത്. സംഭവത്തെ തുടർന്ന് നഗരസഭാദ്ധ്യക്ഷയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
-ദീപ മണികണ്ഠൻ, കൗൺസിലർ, ഒന്നാംവാർഡ്.