പാലക്കാട്: ജില്ലാ ആശുപത്രിയിൽ ബുധനാഴ്ച രാത്രി എത്തിയ കൊവിഡ് വാക്‌സിൻ 'കൊവിഷീൽഡ് " വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് ഇന്ന് പൂർത്തിയാകും.
എറണാകുളത്തെ റീജിയണൽ വാക്‌സിൻ സ്‌റ്റോറിൽ നിന്നാണ് 30870 ഡോസ് വാക്‌സിൻ ജില്ലയിലെത്തിച്ചത്. വാക്സിൻ ഇന്നലെ രാവിലെ മുതൽ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. അഗളി, അമ്പലപ്പാറ, ചാലിശ്ശേരി, കൊപ്പം സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ അഞ്ച് കേന്ദ്രങ്ങളിലേക്കാണ് ഇന്നലെ വാക്‌സിൻ മാറ്റിയത്. ഇൻസുലേറ്റഡ് വാക്‌സിൻ വാനിൽ 28 ഡിഗ്രി ശീതീകരിച്ച കോൾഡ് ബോക്‌സിൽ സൂക്ഷിച്ചാണ് വാക്‌സിൻ കൊണ്ടുപോകുന്നത്.
മറ്റു കേന്ദ്രങ്ങളായ നന്ദിയോട്, നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലേക്കും ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും ഇന്ന് വാക്‌സിൻ മാറ്റുമെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു.
ഒമ്പത് വാക്‌സിനേഷൻ കേന്ദ്രങ്ങളിലും വാക്‌സിൻ സൂക്ഷിക്കാനായി ഐസ് ലൈൻ റഫ്രിജറേറ്റർ സംവിധാനം ഉൾപ്പെടെ എല്ലാം സജ്ജമാണ്. വാക്‌സിൻ പൂർണ്ണമായും ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കേണ്ടതിനാൽ കുത്തിവയ്പ് കേന്ദ്രങ്ങളിലടക്കം വൈദ്യുതി മുടങ്ങാതിരിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയി. നാളെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ 12,630 പേർക്കാണ് ആദ്യഘട്ടത്തിൽ കുത്തിവയ്പ് എടുക്കുക. ഇവർക്ക് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് നൽകും. ഇടതു തോളിലാണ് കുത്തിവയ്പ്. ഗർഭിണികളെയും 18 വയസിന് താഴെയുള്ളവരെയും കുത്തിവയ്പ്പിൽ നിന്ന് ഒഴിവാക്കി. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിനേഷൻ.