pongal
പൊങ്കൽ ആഘോഷങ്ങൾക്കായുള്ള പ്രത്യേകയിനം കരിമ്പ് തമിഴ്‌നാട് അതിർത്തിയിലെ തോട്ടത്തിൽ വില്പനയ്ക്കായി കെട്ടുകളാക്കുന്ന തൊഴിലാളികൾ.

ചിറ്റൂർ: തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായി ആഘോഷിക്കുന്ന തൈപൊങ്കലിനെ ഇന്നലെ കിഴക്കൻ അതിർത്തി ഗ്രാമങ്ങളും ആഹ്ലാദത്തോടെ വരവേറ്റു. തൈപൊങ്കൽ ദിവസമായ ഇന്നലെ വിവിധ ചടങ്ങുകൾക്കും ഗ്രാമീണ കുടുംബങ്ങൾ സാക്ഷ്യം വഹിച്ചു. പുതിയതായി വിവാഹം കഴിഞ്ഞവർക്ക് പുതുവസ്ത്രങ്ങളും സ്വർണ്ണാഭരണങ്ങളും പാത്രങ്ങളും നൽകുന്ന ചടങ്ങുകളുടെ ആവേശത്തിലായിരുന്നു പല കുടുംബങ്ങളും. കിഴക്കൻ മേഖലയിൽ പ്രത്യേകിച്ച് തമിഴ് കർഷക കുടുംബങ്ങളിൽ തലമുറകളായി നടന്നുവരുന്ന ചടങ്ങുകളുടെ ഭാഗമാണിത്.

ബുധനാഴ്ച പൊങ്കലിന്റ തുടക്കം കുറിക്കുന്ന കാപ്പുകെട്ട് ചടങ്ങിന് ശേഷമാണ് ഇന്നലത്തെ തൈപൊങ്കൽ നടന്നത്. ഇത് വീട്ടുപൊങ്കലായും അറിയപ്പെടും. വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അടുപ്പിൽ കോലം വരച്ച് അലങ്കരിച്ച പുതിയ മൺപാത്രത്തിൽ പുന്നെല്ല് അരി ഉപയോഗിച്ചാണ് പൊങ്കൽ ഒരുക്കുന്നത്. പൊങ്കൽ വയ്ക്കുന്നതിന് സമീപത്തായി കരിമ്പും പിള്ള വാഴകളും നടുന്നതും ചടങ്ങിന്റെ ഭാഗമാണ്. പൊങ്കൽ പാത്രത്തിൽ നിന്നും തിളച്ചുപൊന്തി കിഴക്ക് ദിശയിലേക്ക് ഒഴുകുന്നതിനെ ശുഭലക്ഷണമായി വിലയിരുത്തുന്നു. ആയത് ഈ വർഷം മുഴുവൻ ശുഭകരമാകുമെന്നാണ് വിശ്വാസം. വീട്ടുമുറ്റങ്ങളിൽ വരയ്ക്കുന്ന മനോഹരമായ കോലങ്ങളും പൊങ്കൽ ഉത്സവത്തെ വർണ്ണാഭമാക്കുന്നു.

മൂന്നാം നാളായ ഇന്നാണ് മാട്ടുപൊങ്കൽ. കന്നുകാലികളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയുള്ള ചടങ്ങാണിത്. കർഷക കുടുംബങ്ങൾ ഉൾപ്പെടെ ഓരോ ഗ്രാമീണ കുടുംബങ്ങളിലുള്ള കാലികളെ ഇന്ന് കുളിപ്പിച്ച് കുറിവരച്ച് കൊമ്പുകളിൽ ചായം തേച്ച് മോടി പിടിപ്പിപ്പിക്കുന്നത് ആഘോഷ നാളിൽ കർഷകർക്ക് ഒരു ഹരമാണ്. നാളെയാണ് പൂപ്പൊങ്കൽ.