driving-test

പാലക്കാട്: കൊവിഡ് പ്രതിസന്ധി മൂലം ഏഴുമാസം മുടങ്ങിയ ഡ്രൈവിംഗ് ടെസ്റ്റുകൾ ജൂലായിൽ പുനഃരാരംഭിച്ചിട്ടും ലൈസൻസിനായി ലേണേഴ്‌സ് ടെസ്റ്റ് എഴുതി പാസായവർ ടെസ്റ്റ് പൂർത്തിയാക്കാനുള്ള നീണ്ട കാത്തിരിപ്പിലാണ്. ടെസ്റ്റിനുള്ള തിയതി ഓൺലൈനായി തിരഞ്ഞെടുക്കാനാവാതെ കഷ്ടപ്പെടുകയാണ് അപേക്ഷകരിൽ പലരും. പഴയ ഫയലുകൾ തീർപ്പാക്കാൻ ബാക്കിയുള്ളതിനാൽ ജൂലായിയിൽ അപേക്ഷിച്ച പുതിയ ലേണേഴ്‌സുകാരും പ്രതിസസന്ധിയിലാണ്. ഇവർക്ക് നിലവിൽ ജനുവരി 19ന് ശേഷമാണ് ടെസ്റ്റിനുള്ള തിയതികൾ ലഭിക്കുക. ആർ.ടി.ഒ ഓഫീസുകളിൽ 1500ഓളം ഫയലുകളാണ് തീർപ്പാക്കാൻ ബാക്കിയുള്ളത്.
ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ശതമാനമാക്കിയിട്ടും ഫയലുകളുടെ എണ്ണത്തിലിൽ കുറവില്ലാത്തതിനാൽ പുതിയ സർക്കുലർ ഇറക്കിയിരുന്നു. ഇതുപ്രകാരം രാവിലെയും ഉച്ചയ്ക്കും ടെസ്റ്റ് നടത്തിയാണ് ഇത്തരം ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശം നൽകിയത്. ജില്ലയിലെ ആറ് താലൂക്കുകളിൽ പാലക്കാട് 120ഉം മറ്റ് താലൂക്കുകളിൽ 60ഉം ടെസ്റ്റുകളാണ് പ്രതിദിനം നടത്തിയിരുന്നത്. കൊവിഡിനു ശേഷം ഇത് പാലക്കാട് 60ഉം മറ്റ് താലൂക്കുകളിൽ 30ഉം ആയി കുറച്ചു.

 സ്ലോട്ട് ബുക്കിംഗും തലവേദനയാകുന്നു

അപേക്ഷകരുടെ എണ്ണം കൂട്ടിയതിനാൽ ഓൺലൈൻ സ്ലോട്ട് ബുക്കിംഗ് നിമിഷങ്ങൾക്കകം അവസാനിക്കുന്നതും അപേക്ഷകരെ കഷ്ടത്തിലാക്കുന്നു. മോട്ടോർ വാഹനവകുപ്പിന്റെ സാരഥി വെബ്‌സൈറ്റിൽ ഓൺലൈനായി സ്ലോട്ട് ബുക്ക് ചെയ്ത് തിയതി തിരഞ്ഞെടുത്താൽ മാത്രമേ ടെസ്റ്റ് നടത്താനാവൂ. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി തിയതികളിലാണ് ടെസ്റ്റ് നടത്തുന്നത്. ഓരോ ദിവസവും രാവിലെ എട്ടിന് തിയതി തിരഞ്ഞെടുക്കാനുള്ള ബുക്കിംഗ് ആരംഭിക്കുമെങ്കിലും പത്തുമിനിറ്റിനകം മുഴുവൻ സ്ലോട്ടുകളും പൂർത്തിയാവുന്ന അവസ്ഥയാണ്. നിലവിൽ മാർച്ച് വരെയുള്ള തീയ്യതികളിലെല്ലം ബുക്കിംഗ് പൂർത്തിയായി. ഇത്തരത്തിൽ തീയ്യതി തിരഞ്ഞെടുക്കാൻ ദിവസങ്ങൾ വേണ്ടിവരുകയും തിയതി കിട്ടിയാൽ തന്നെ ടെസ്റ്റ് പൂർത്തിയാക്കാൻ പിന്നെയും മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ് അപേക്ഷകർക്ക്.

ഓരോ ആർ.ടി.ഒ ഓഫീസിനു കീഴിലും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ (എം.വി.ഐ) എണ്ണത്തിന് ആനുപാതികമായാണ് അപേക്ഷകരുടെ സ്ലോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിച്ചിട്ടുള്ളത്. ഒരു എം.വി.ഐയുടെ മേൽനോട്ടത്തിൽ ഒരുദിവസം പരമാവധി 60 അപേക്ഷകരെയാണ് പരിഗണിക്കുക. രണ്ട് എം.വി.ഒമാരുടെ കീഴിലാണ് ടെസ്റ്റ് നടക്കുന്നത്. ലേണേഴ്‌സ് ടെസ്റ്റ് കഴിഞ്ഞ പുതിയ അപേക്ഷകരെയും പരിഗണിക്കുന്നുണ്ട്.

പി.ശിവകുമാർ, ആർ.ടി.ഒ, പാലക്കാട്.